ചെലവോ  പ്രയത്നമോ  ആവശ്യമില്ല; കെെനിറയെ സമ്പാദിക്കാൻ മലയാളികൾക്ക് സുവർണാവസരം, ഈ മരം ധെെര്യമായി നടാം

Saturday 28 March 2026 11:37 PM IST

കർഷകർക്ക് വരുമാനം ഉണ്ടാക്കാൻ പറ്റിയ ഒരു വാണിജ്യവിളയാണ് ബർമീസ് ഗ്രേപ്പ്. യുഫോർബിയേസി സസ്യകുടുംബത്തിൽപ്പെട്ട നിത്യഹരിത മരമാണ് ഇത്. തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളായ മ്യാൻമർ, തായ്‌ലൻഡ്, വിയറ്റ്നാം, ബംഗ്ലദേശ് എന്നിവിടങ്ങളിലാണ് ഇത് പ്രധാനമായും കണ്ടുവരുന്നത്. കേരളത്തിലും ഇത് വളരും. മരത്തിന്റെ തടിയിലും ശാഖകളിലും കുലകളായി തൂങ്ങിക്കിടക്കുന്ന ഇതിന്റെ പഴങ്ങൾ പോഷകങ്ങളുടെ കലവറയാണ്. ഈ മഞ്ഞനിറത്തിലുള്ള പഴത്തിനുള്ളിൽ വെളുത്ത നിറത്തിലുള്ള ഭക്ഷ്യയോഗ്യമായ പൾപ്പ് അടങ്ങിയിരിക്കുന്നു.

ഇത് കൃഷി ചെയ്യാൻ ചെലവോ പ്രയത്നമോ ആവശ്യമില്ല. ഉഷ്ണമേഖലാ കാലാവസ്ഥയിൽ ഇത് നന്നായി വളരും. കഠിന വെയിലിനേക്കാൾ ഭാഗികമായി തണലിലും ബർമീസ് ഗ്രേപ്പ് മരം തളച്ചുവളരും. ഇടവിളയായും കൃഷി ചെയ്യാം. റംബൂട്ടാൻ, മാവ് തുടങ്ങിയ മരങ്ങൾക്കിടയിൽ ഇടവിളയായി വളർത്താം. മഴക്കാലത്താണ് സാധാരണയായി ഈ പഴം വിളവെടുക്കുന്നത്. പിസ്ത നിറത്തോട് കൂടിയ പൂക്കൾ മൂന്ന് ആഴ്ച ആകുമ്പോൾ കായ്ച്ച് തുടങ്ങും. ഇളം പച്ചനിറത്തിലുള്ള കായ്കൾ മൂത്ത് പാകമാകുമ്പോൾ നല്ല മഞ്ഞ നിറത്തിലാകും. വിത്ത് പാകി നടുന്ന മരങ്ങളിൽ നിന്ന് കായ് ലഭിക്കാൻ കൂടുതൽ സമയം എടുക്കും. ബഡ്ഡിംഗ് ആണ് പെട്ടെന്നുള്ള വിളവിന് നല്ലത്.

പരമ്പരാഗത വെെദ്യശാസ്ത്രത്തിൽ ബർമീസ് ഗ്രേപ്പിന് വലിയ സ്ഥാനമുണ്ട്. മരത്തിന്റെ തൊലി മുതൽ വേരും ഇലയും വരെ ഔഷധഗുണമുള്ളതാണ്. ഇതിന്റെ ഇലകൾക്കും തൊലിക്കും ആന്റി ഇൻഫ്ലമേറ്രറി ഗുണങ്ങളുണ്ട്. ഇത് വേദന സംഹാരിയായും ഉപയോഗിക്കുന്നു. ബർമീസ് ഗ്രേപ്പ് പഴത്തിന് പെട്ടെന്ന് കേടുവരാൻ സാദ്ധ്യതയുള്ളതിനാൽ മൂല്യവർദ്ധിത ഉൽപന്നങ്ങളാക്കി മാറ്റുന്നത് കർ,​കർക്ക് വലിയ ലാഭം നൽകും.