സമ്മർ ബമ്പർ: ഒന്നും രണ്ടും പാലക്കാടിന്

Sunday 29 March 2026 12:36 AM IST

പാലക്കാട്: ഭാഗ്യദേവത പാലക്കാടിനെ അകമറിഞ്ഞ് കടാക്ഷിച്ചു. സമ്മർ ബമ്പറിന്റെ 10 കോടി രൂപയുടെ ഒന്നാം സമ്മാനവും ഒരുകോടിയുടെ രണ്ടാംസമ്മാനവും പാലക്കാട്ട് വിറ്റ ടിക്കറ്റിന്. പാലക്കാട് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനു എതിർവശത്തെ എസ്.വി.എൽ ലോട്ടറി ഏജൻസിയിൽ നിന്നു വിറ്റ ടിക്കറ്റുകൾക്കാണ് സമ്മാനമടിച്ചത്. ഒന്നാം സമ്മാനമായ 10 കോടി എസ്.ബി 517026 എന്ന ടിക്കറ്റിന്. ഒരു കോടി രൂപ രണ്ടാം സമ്മാനം എസ്.ഇ 660573 എന്ന ടിക്കറ്റിനും.

അതേസമയം, ഭാഗ്യവാന്മാരെ കണ്ടെത്താനായിട്ടില്ല. പാലക്കാട് വിളയിലെ എസ്.മധുസൂദനൻ നടത്തുന്ന ലോട്ടറി ഏജൻസി വഴി വിറ്റ ടിക്കറ്റുകൾക്കാണ് സമ്മാനമടിച്ചത്. ഒന്നാം സമ്മാനം അടിച്ച ടിക്കറ്റ് ശ്രീ മൂകാംബിക ലക്കി സെന്ററിൽ നിന്നും എസ്.എൽ.വി ലോട്ടറി ഏജൻസിയിൽ എത്തുകയും അവിടെ നിന്നും ഒലവക്കോടുള്ള ബ്രാഞ്ചിലേക്ക് കൊണ്ടുപോവുകയും ചെയ്തു. അവിടെനിന്നാണ് ഭാഗ്യവാൻ നമ്പർ തിരഞ്ഞെടുത്തത്. രണ്ടാം സമ്മാനത്തിനർഹമായ ടിക്കറ്റ് വിറ്റത് ചിറ്റൂരിലെ ഏജന്റായ ഫർസാനയാണ്.