അയുതചണ്ഡികാ മഹായാഗം മഞ്ചേരിയിൽ
മഞ്ചേരി: കേരളത്തിലെ ആദ്യത്തെ അയുതചണ്ഡികാ മഹായാഗം ഏപ്രിൽ അഞ്ചുമുതൽ 10 വരെ മഞ്ചേരി മുള്ളമ്പാറ സനാതന ധർമ്മസേവാ കേന്ദ്രത്തിൽ നടക്കും. ലോകസമാധാനത്തിനും രാഷ്ട്രരക്ഷയ്ക്കും സനാതന ധർമ്മത്തിന്റെ ഉന്നമനത്തിനുമായി സംഘടിപ്പിക്കുന്ന മഹായാഗത്തിന് ട്രിച്ചി തിരു ഈങ്കോയ്‌ല മഹിളാസമാജം മഠാധിപതി ജയാംബാ വിദ്യാംബാ സരസ്വതി മുഖ്യകാർമ്മികത്വം വഹിക്കും. യോഗിനിമാരും ആയിരത്തോളം ദേവീഉപാസകരും പങ്കെടുക്കും. ദുർഗാസപ്തശതി പതിനായിരം തവണ പാരായണം ചെയ്യുകയും ഒരുലക്ഷം തവണ നവാക്ഷരീ മന്ത്രം ഉരുക്കഴിക്കുകയും ചെയ്യും. നാല് ദിവസങ്ങളിൽ 11 കുണ്ഡങ്ങളിലായി നടക്കുന്ന സഹസ്രാവർത്തി ഹോമം ആയിരം ഉപാസകർ ചേർന്നാണ് നിർവഹിക്കുക. യാഗവേദിയായ ചണ്ഡികാപുരിയിൽ സുവാസനി പൂജ, കുമാരി പൂജ, വടുക പൂജ, ഗോപൂജ, മഹാഗണപതി ഹോമം, ശ്രീചക്രപൂജ ചടങ്ങുകളുണ്ടാവും. അഞ്ചിന് രാവിലെ സൂര്യകാലടി മന ജയസൂര്യൻ ഭട്ടതിരിപ്പാടിന്റെ കാർമ്മികത്വത്തിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തോടെ തുടക്കമാകും. വൈകിട്ട് ആറിന് യാഗദീപ പ്രോജ്വലനത്തിനും സമാരംഭ സദസ്സിനും മഹാമണ്ഡലേശ്വർ ആനന്ദവനം ഭാരതി സ്വാമികൾ, ജയാംബാ വിദ്യാംബാ സരസ്വതി, അച്യുത ഭാരതി സ്വാമികൾ (നടുവിൽ മഠം), ഹരിനാരായണ സ്വാമി (ചിന്മയ മിഷൻ കുന്നംകുളം), ത്രിവിക്രമൻ അടികൾ (മുഖ്യപുരോഹിതൻ, പാണഞ്ചേരി ക്ഷേത്രം) എന്നിവർ നേതൃത്വം വഹിക്കും. കൊടിയേറ്റത്തിന് കൊല്ലൂർ മൂകാംബിക ക്ഷേത്രം മുഖ്യപുരോഹിതൻ ഗോവിന്ദ അടിഗ നേതൃത്വം നൽകും. ആറിന് രാവിലെ 9.30ന് സമൂഹ ദേവീമാഹാത്മ്യ പാരായണമുണ്ടാകും. സമാപനദിവസമായ 10ന് കൊണ്ടാപ്പൂർ നിത്യാനന്ദ യോഗാശ്രമത്തിലെ യോഗാനന്ദ സരസ്വതി സ്വാമികൾ അനുഗ്രഹപ്രഭാഷണം നടത്തും. യാഗത്തിൽ പങ്കെടുക്കാൻ www.chandikamahayagam.com രജിസ്റ്റർ ചെയ്യാം. വാർത്താസമ്മേളനത്തിൽ മഹാമണ്ഡലേശ്വർ ആനന്ദവനം ഭാരതി സ്വാമികൾ, എം. ശ്രീധരൻ നമ്പൂതിരി, തന്ത്രി മുടപ്പിലാപ്പള്ളി പരമേശ്വരൻ നമ്പൂതിരിപ്പാട്, എം. കൃഷ്ണപ്രഗീഷ് എന്നിവർ പങ്കെടുത്തു.