ജില്ലയിൽ 11,000ത്തോളം ഹോം വോട്ടർമാർ
മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ ഒമ്പതിന് നടക്കാനിരിക്കെ ഹോം വോട്ടിംഗ് ഈ മാസം 30ന് ആരംഭിക്കും. ജില്ലയിൽ ഇതുവരെ 11,000ത്തോളം വോട്ടർമാരാണ് ഹോം വോട്ടിംഗിനായി അപേക്ഷിച്ചിട്ടുള്ളത്. ജില്ലയിലെ 16 നിയോജക മണ്ഡലങ്ങളിലായി 181 പേരടങ്ങുന്ന ടീമിനെയാണ് ഹോം വോട്ടിംഗിനായി നിയോഗിച്ചിട്ടുള്ളത്.
മുൻകൂട്ടി അപേക്ഷിച്ച 85 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കും ഭിന്നശേഷിക്കാർക്കുമാണ് ഹോം വോട്ടിംഗിന് അവസരം. ഇവർക്ക് ബൂത്ത് ലെവൽ ഓഫീസർമാർ മുഖേന 12 ഡി ഫോറം വിതരണം ചെയ്തിരുന്നു. പോളിംഗ് ഓഫീസർ, പോളിംഗ് അസിസ്റ്റന്റ്, മൈക്രോ ഒബ്സർവർ, പൊലീസ് ഉദ്യോഗസ്ഥൻ, വീഡിയോഗ്രാഫർ എന്നിവരടങ്ങുന്ന ഒരു പോളിംഗ് ടീം വീടുതോറും സന്ദർശിച്ച് വോട്ടുചെയ്യാൻ സൗകര്യമൊരുക്കും. വോട്ടിംഗ് പ്രക്രിയയുടെ സുതാര്യത ഉറപ്പ് വരുത്തുന്നതിനായി സ്ഥാനാർത്ഥികളുടെ ബൂത്ത് ലെവൽ ഏജന്റുമാർക്കും സംഘത്തോടൊപ്പം നിന്ന് നടപടിക്രമങ്ങൾ വീക്ഷിക്കാനാവും.
ഇതുവരെയുള്ള കണക്കുകൾ പ്രകാരം ജില്ലയിൽ കോട്ടക്കൽ മണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ ഹോം വോട്ടിംഗ് അപേക്ഷകരുള്ളത്. ഹോം വോട്ടിംഗ് സംബന്ധിച്ച വിവരം വോട്ടർ പട്ടികയിൽ രേഖപ്പെടുത്തുന്നതിനാൽ തിരഞ്ഞെടുപ്പിൽ ഇവർക്ക് പോളിംഗ് ബൂത്തുകളിൽ ചെന്ന് വോട്ട് രേഖപ്പെടുത്താൻ സാധിക്കില്ല.