കെ എസ് ആർ ടി സിയുടെ എ സി സ്ലീപ്പർ ബസിന് തീപിടിച്ചു, ഒഴിവായത് വൻ ദുരന്തം
തിരുവനന്തപുരം: കെ എസ് ആർ ടി സി സ്വിഫ്റ്റിന്റെ എ സി സ്ലീപ്പർ ബസിന് തീപിടിച്ചു. ഇന്നുരാവിലെ ഒമ്പതുമണിയോടെ വെഞ്ഞാറമൂടിനടുത്ത് നെല്ലനാട് സ്കൂളിനുമുന്നിലായിരുന്നു അപകടം. ആർക്കും പരിക്കില്ല.
പറശ്ശിനിക്കടവിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്നു ബസ്. നെല്ലനാട് എത്തിയപ്പോൾ ഡ്രൈവറുടെ ഭാഗത്ത് തീ കാണുകയും ഉടൻതന്നെ എൻജിൻറൂമിൽ നിന്ന് ശക്തമായ പുകയുണ്ടാവുകയും ചെയ്തു. പൊടുന്നനെ ബസ് നിറുത്തിയ ഡ്രൈവർ യാത്രക്കാരെയെല്ലാം പുറത്തിറക്കി. നാട്ടുകാരും, വെഞ്ഞാറമൂട് ഫയർഫോഴ്സും ചേർന്നാണ് തീ അണച്ചത്. ബസ് ജീവനക്കാരുടെയും നാട്ടുകാരുടെയും ഇടപെടൽമൂലം വൻ ദുരന്തമായിരുന്നു ഒഴിവായത്. ബസിന് ചെറിയ കേടുപാടുകളുണ്ടായിട്ടുണ്ട്. തീ പിടിത്തത്തിന് കാരണം വ്യക്തമല്ല. അപകടത്തെത്തുടർന്ന് ഏറെനേരം ഇതുവഴിയുള്ള ഗതാഗതം നിലച്ചു. വെഞ്ഞാറമൂട് മേൽപ്പാലം പണി നടക്കുന്നതിനാൽ നെല്ലനാട് റോഡുവഴിയാണ് ഗതാഗതം തിരിച്ചിവിട്ടിരിക്കുന്നത്.
ഇക്കഴിഞ്ഞ ഡിസംബറിൽ ബംഗളൂരുവിൽ നിന്ന് കോഴിക്കോടേക്ക് പേവുകയായിരുന്ന കെ എസ് ആർ ടി സി ബസ് കത്തി നശിച്ചിരുന്നു. ബസ് പൂർണമായും കത്തിനശിച്ചു. പുലർച്ചെ രണ്ട് മണിയോടെ മൈസൂരുവിലെ നഞ്ചൻകോട് വച്ചായിരുന്നു സംഭവം. അപകടസമയത്ത് ബസിൽ 44 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ബസിന് മുൻപിൽ പോയ വാഹനങ്ങളിലെ യാത്രക്കാർ പുക ഉയരുന്നത് കണ്ടതിനെ തുടർന്ന് ജീവനക്കാരെ അറിയിക്കുകയായിരുന്നു. ഉടൻതന്നെ ബസ് നിറുത്തി യാത്രക്കാരെ പുറത്തിറക്കിയതിനാൽ ആർക്കും പരിക്കേറ്റില്ല. ചില യാത്രക്കാരുടെ സാധനങ്ങളും രേഖകളും കത്തിനശിച്ചു.