'ഇടത്-വലത് സർക്കാരുകൾ ഭയക്കുന്നത് ബിജെപിയെ, തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ അവരുടെ കള്ളങ്ങൾ പുറത്തുകൊണ്ടുവരും'
പാലക്കാട്: കേരളം മാറ്റത്തിന്റെ സന്ദേശം നൽകുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.എൻഡിഎയുടെ വർദ്ധിച്ചുവരുന്ന ജനസമ്മതിയും ബിജെപിയോട് ജനങ്ങൾക്ക് കൂടിവരുന്ന വിശ്വാസത്തിലും അത് കാണാൻ സാധിക്കുമെന്നും മോദി പറഞ്ഞു. ഡീൽ ആരോപണങ്ങളെ പരാമർശിച്ച മോദി, ബിജെപിയാണ് തിരഞ്ഞെടുപ്പിലെ എ ടീമെന്ന് പറഞ്ഞു. ഇടത് വലത് പാർട്ടികൾ ചേർന്ന് ഒത്തുകളിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
കേരളത്തിലെ യുവാക്കൾ, സ്ത്രീകൾ, കർഷകർ തുടങ്ങിയ ജനസമൂഹങ്ങൾക്ക് എൻഡിഎയോടും ബിജെപിയോടുമാണ് സ്‌നേഹമെന്നും മോദി പറഞ്ഞു. ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് പാലക്കാട്ട് കോട്ടമൈതാനത്തുനടക്കുന്ന പൊതുസമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു മോദി. ജയ് വികസിത കേരളം എന്ന് മലയാളത്തിൽ ആഹ്വാനം ചെയ്‌തുകൊണ്ടാണ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്. കേരളത്തിൽ വികസനം കൊണ്ടുവരുമെന്നുള്ളത് മോദിയുടെ ഗ്യാരന്റിയാണെന്നും അദ്ദേഹം പറഞ്ഞു.
'പതിറ്റാണ്ടുകളായി മുഖംമൂടിയണിഞ്ഞ രണ്ട്‌വിഭാഗം രാഷ്‌ട്രീയക്കാരുടെ വഞ്ചനയിൽപ്പെട്ടുകിടക്കുകയാണ് കേരളം. ഒരു ഭാഗത്ത് എൽഡിഎഫ്, മറുഭാഗത്ത് യുഡിഎഫ്. രണ്ട് പേരും അഴിമതിക്കാരും വർഗീയവാദികളുമാണ്. ഇരുപാർട്ടികളും സ്വീകരിക്കുന്ന എല്ലാ നയങ്ങളും വോട്ട് ബാങ്ക് രാഷ്‌ട്രീയത്തിനുവേണ്ടി മാത്രമാണ്. ഇവർക്ക് കേരളത്തിന്റെ വികസനത്തെപ്പറ്റി യാതൊരു ചിന്തയുമില്ല. ഇവിടെ വരാൻ പോകുന്ന ബിജെപി-എൻഡിഎ സർക്കാർ കേരളത്തിന്റെ ദ്രുതഗതിയിലുള്ള വികസനം സാദ്ധ്യമാക്കും. വികസിതകേരളം സൃഷ്‌ടിക്കും. ഇത് മോദിയുടെ ഗ്യാരന്റിയാണ്. മാറാതിരുന്നതെല്ലാം ഇനി മാറും'- പ്രധാനമന്ത്രി പറഞ്ഞു.
'യുഡിഎഫ് പറയുന്നു ബിജെപിയും സിപിഎമ്മും ഒത്തുകളിക്കുന്നുവെന്ന്, സിപിഎം പറയുന്നു യുഡിഎഫും ബിജെപിയും ഒത്തുകളിക്കുന്നുവെന്ന്. ഒരു കാര്യം ഉറപ്പാണ്. ഈ തിരഞ്ഞെടുപ്പിലെ 'എ ടീം' ബിജെപിയാണ്. ഇടത്-വലത് പാർട്ടികൾ ആരെയെങ്കിലും ഭയക്കുന്നുണ്ടെങ്കിൽ അത് ബിജെപിയെ മാത്രമാണ്. തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ അവർ നടത്തിയിട്ടുള്ള കള്ളങ്ങൾ പുറത്തുകൊണ്ടുവരും'- മോദി കൂട്ടിച്ചേർത്തു.