അൻവർ സാദത്തിനായി വീടുകൾ കയറി കെ.സി. വേണുഗോപാൽ

Monday 30 March 2026 12:49 AM IST
ആലുവ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി അൻവർ സാദത്തിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി കാഞ്ഞൂർ എസ്.എൻ.ഡി.പി കവലയിൽ ഭവന സന്ദർശനം നടത്തിയപ്പോൾ

ആലുവ: കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നടപ്പാക്കിയ ക്ഷേമ പ്രവർത്തനങ്ങളുടെ ആത്മവിശ്വാസത്തിലാണ് അഞ്ചിന ഇന്ദിരാ ഗ്യാരന്റി പ്രഖ്യാപിച്ചതെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി. ആലുവ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി അൻവർ സാദത്തിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം കാഞ്ഞൂർ എസ്.എൻ.ഡി.പി കവലയിൽ ഭവന സന്ദർശനത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീകൾക്ക് കെ. എസ്.ആർ.ടി.സിയിൽ സമ്പൂർണ സൗജന്യ യാത്രയാവും യു.ഡി.എഫ് അധികാരത്തിലേറിയാൽ ആദ്യതീരുമാനം. കോൺഗ്രസ് വാഗ്ദാനങ്ങൾ തട്ടിപ്പാണെന്ന പിണറായിയുടെ ആരോപണം നിരന്തരം തട്ടിപ്പു നടത്തിയ ശീലം മൂലമാണ്. കേരളത്തിൽ എത്തുന്ന നരേന്ദ്രമോദി ബി.ജെ.പിക്കു വേണ്ടിയാണോ 'സി.ജെ.പി"ക്കു വേണ്ടിയാണോ പ്രചാരണം നടത്തുന്നതെന്ന് വ്യക്തമാക്കമെന്നും വേണുഗോപാൽ ആവശ്യപ്പെട്ടു. ഇന്ദിര ഗ്യാരന്റി പത്രിക പടയാട്ടിൽ ഷൈനി ജോയി എന്ന വീട്ടമ്മയ്ക്കു വേണുഗോപാൽ കൈമാറി. സ്ഥാനാർത്ഥി അൻവർ സാദത്ത്, എൽദോസ് കുന്നപ്പള്ളി, പി.ജെ. ജോയി, എം.ആർ. അഭിലാഷ്, ലത്തീഫ് പൂഴിത്തുറ, കെ.എൻ. കൃഷ്ണകുമാർ, എം.കെ.എ. ലത്തീഫ്, സെബാസ്റ്റ്യൻ പോൾ, എം.ജെ. ജോമി, പി.എൻ. ഉണ്ണിക്കൃഷ്ണൻ, പി.ബി. സുനീർ, ലിന്റോ പി. ആന്റു, അബ്ദുൾ റഷീദ്, പി.എച്ച്. അസ്ലം എന്നിവരും പങ്കെടുത്തു. രാവിലെ തുറവുംങ്കരയിൽ നിന്നാരംഭിച്ച പര്യടനം കെ.പി.സി.സി ജനറൽ സെക്രട്ടറി എം.ആർ. അഭിലാഷ് ഉദ്ഘാടനം ചെയ്തു. വൈകിട്ട് കാഞ്ഞൂർ തെക്കേ അങ്ങാടിയിൽ സമാപിച്ചു. ഇന്നത്തെ പര്യടനം രാവിലെ 7.30ന് ചൂർണിക്കര തൈക്കാവ് കവലയിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി അബ്ദുൾ മുത്തലിബ് ഉദ്ഘാടനം ചെയ്യും.

അൻവറിനെ മന്ത്രിയാക്കണമെന്ന് വീട്ടമ്മ

യു.ഡി.എഫ് ജയിക്കുമെന്നും അപ്പോൾ അൻവർ സാദത്തിനെ മന്ത്രിയാക്കണമെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനോട് വീട്ടമ്മയുടെ അഭ്യർത്ഥന. ഇന്നലെ കാഞ്ഞൂരിൽ ഗൃഹസന്ദർശനം നടത്തുന്നതിനിടെയാണ് വീട്ടമ്മ അഭ്യർത്ഥന നടത്തിയത്. വീട്ടമ്മയുടെ ആവശ്യത്തോട് ചിരിയോടെ തലയാട്ടിയാണ് കെ.സി. വേണുഗോപാൽ പ്രതികരിച്ചത്.