മുംബയില്‍ റണ്‍മഴ; അജിങ്ക്യ റഹാനയ്ക്ക് തകര്‍പ്പന്‍ ഫിഫ്റ്റി, കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍
മുംബയ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുംബയ് ഇന്ത്യന്‍സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് മികച്ച സ്‌കോര്‍. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കെകെആര്‍, നായകന്‍ അജിങ്ക്യ റഹാനെയുടെ തകര്‍പ്പന്‍ അര്‍ദ്ധ സെഞ്ച്വറിയുടെ മികവില്‍ 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 220 റണ്‍സ് നേടി. നായകന് പുറമേ യുവതാരം അന്‍ക്രിഷ് രഘുവംശിയും കൊല്‍ക്കത്തയ്ക്കായി അര്‍ദ്ധ സെഞ്ച്വറി നേടി. മത്സരത്തിന്റെ ആദ്യ ഓവര്‍ മുതല്‍ ആക്രമിച്ച് കളിക്കുക എന്നത് മാത്രമായിരുന്നു കെകെആര്‍ നയം.
അജിങ്ക്യ റഹാനെ 67(40) - ഫിന്‍ അലന്‍ 37(17) സഖ്യം ഒന്നാം വിക്കറ്റില്‍ 69 റണ്‍സാണ് നേടിയത്. ഷാര്‍ദുല്‍ ഠാക്കൂറിന്റെ പന്തല്‍ അലന്‍ പുറത്തായതോടെയാണ് ഈ കൂട്ടുകെട്ട് പൊളിഞ്ഞത്. മൂന്ന് ബൗണ്ടറിയും അഞ്ച് സിക്‌സറുകളും ഉള്‍പ്പെടുന്നതായിരുന്നു റഹാനെയുടെ ഇന്നിംഗ്‌സ്. ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീന്‍ 18(10) റണ്‍സ് നേടി പുറത്തായപ്പോള്‍ അന്‍ക്രിഷ് രഘുവംശി 29 പന്തുകളില്‍ നിന്ന് ആറ് ബൗണ്ടറികളും രണ്ട് സിക്‌സറുകളും സഹിതം 51 റണ്‍സ് നേടി.
റിങ്കു സിംഗ് 33*(21), രമണ്‍ദീപ് സിംഗ് 4*(4) എന്നിവര്‍ പുറത്താകാതെ നിന്നു. മുംബയ് നിരയില്‍ നാലോവറില്‍ നിന്ന് 39 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയ ഷാര്‍ദുല്‍ ഠാക്കൂര്‍ ആണ് ബൗളിംഗില്‍ തിളങ്ങിയത്. ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യക്ക് ഒരു വിക്കറ്റ് ലഭിച്ചു. സ്റ്റാര്‍ പേസര്‍മാരായ ട്രെന്റ് ബോള്‍ട്ട്, ജസ്പ്രീത് ബുംറ എന്നിവര്‍ക്ക് വിക്കറ്റ് വീഴ്ത്താന്‍ കഴിയാത്തത് മുംബയ്ക്ക് തിരിച്ചടിയായി. ഇരുവരും ചേര്‍ന്ന് എട്ട് ഓവറുകളില്‍ നിന്ന് 73 റണ്‍സ് ആണ് വഴങ്ങിയത്.