ഒരാള്‍ പാകിസ്ഥാനി; രണ്ട് പ്രവാസികളുടെ വധശിക്ഷ നടപ്പിലാക്കി ഗള്‍ഫ് രാജ്യം; ചെയ്ത കുറ്റങ്ങള്‍ അതിഭീകരം

Sunday 29 March 2026 9:34 PM IST

റിയാദ്: രണ്ട് വ്യത്യസ്ത കേസുകളിലായി രണ്ട് പ്രവാസികളുടെ വധശിക്ഷ നടപ്പിലാക്കി ഗള്‍ഫ് രാജ്യം. കൊലപാതകം, മയക്കുമരുന്ന് കടത്ത് എന്നീ രണ്ട് കേസുകളിലാണ് സൗദി അറേബ്യ വധശിക്ഷ നടപ്പിലാക്കിയത്. ഒരു കെനിയന്‍ സ്വദേശിയെ കൊലപാതക കേസിലും മയക്കുമരുന്ന് കേസില്‍ ഒരു പാകിസ്ഥാനിയേയുമാണ് ശിക്ഷിച്ചത്. രണ്ട് വിദേശ പൗരന്മാരുടെ വധശിക്ഷ നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മദീനയിലും കിഴക്കന്‍ പ്രവിശ്യയിലുമായാണ് ശിക്ഷ നടപ്പാക്കിയത്.

കൊലപാതക കേസില്‍ കെനിയന്‍ സ്വദേശിയായ മസൂദ് മുഹമ്മദ് മസൂദ് ആണ് ശിക്ഷിക്കപ്പെട്ടത്. തന്റെ രാജ്യത്ത് നിന്നുള്ള സോഫിയ മുഹമ്മദ് കിബാന്‍ഡ എന്ന യുവതിയെ ചതിയിലൂടെയാണ് കൊലപ്പെടുത്തിയത് ആളൊഴിഞ്ഞ സ്ഥലത്തേക്ക് വിളിച്ചുവരുത്തിയ ശേഷം കയര്‍ ഉപയോഗിച്ച് കഴുത്ത് മുറുക്കി കൊലപ്പെടുത്തുകയും പിന്നീട് മൃതദേഹം തിരിച്ചറിയാതിരിക്കാന്‍ പെട്രോള്‍ ഒഴിച്ച് കത്തിച്ച് വികൃതമാക്കുയുകയമാണ് പ്രതി ചെയ്ത കുറ്റം. സുരക്ഷാ ഉദ്യോഗസ്ഥര്‍ പ്രതിയെ പിടികൂടുകയും അന്വേഷണത്തില്‍ കുറ്റം തെളിയുകയും ചെയ്തു.

മറ്റൊരു കേസില്‍, ഹെറോയിന്‍ കടത്തിയ കുറ്റത്തിന് പാകിസ്ഥാന്‍ പൗരനായ ആബിദ് ലക്ക അലിയുടെ വധശിക്ഷ കിഴക്കന്‍ പ്രവിശ്യയില്‍ നടപ്പാക്കി. മയക്കുമരുന്ന് കടത്തുന്നതിനിടെ സുരക്ഷാ സേനയുടെ പിടിയിലായ ഇയാള്‍ക്കെതിരെയുള്ള കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കുകയും കുറ്റം തെളിയിക്കപ്പെടുകയും ചെയ്തു. സമൂഹത്തില്‍ വലിയ നാശമുണ്ടാക്കുന്ന മയക്കുമരുന്ന് വിപത്തിനെതിരെയുള്ള കര്‍ശന നടപടികളുടെ ഭാഗമായാണ് കോടതി ഇയാള്‍ക്ക് വധശിക്ഷ വിധിച്ചത്. അപ്പീല്‍ കോടതിയും സുപ്രീം കോടതിയും വിധി സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ഇന്ന് ശിക്ഷ നടപ്പിലാക്കി.