ഓഹരി നിക്ഷേപകർ മുൾമുനയിൽ

Monday 30 March 2026 12:15 AM IST

ക്രൂഡ് വിലയിൽ ആശങ്ക

കൊച്ചി: പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമാകുന്നതിനാൽ രാജ്യത്തെ ഓഹരി നിക്ഷേപകർക്ക് നെഞ്ചിടിപ്പേറുന്നു. വെടിനിറുത്തൽ നീക്കങ്ങൾ കഴിഞ്ഞ വാരം ആവേശം സൃഷ്‌ടിച്ചുവെങ്കിലും സമാധാനം ചർച്ചകൾ പുരോഗമിക്കാത്തതാണ് പ്രധാന വെല്ലുവിളി. യൂറോപ്യൻ രാജ്യങ്ങളും റഷ്യയും അധിക എണ്ണ വിപണിയിലെത്തിച്ചിട്ടും ക്രൂഡോയിൽ വില ബാരലിന് 112 ഡോളറിലേക്ക് ഉയർന്നതിനാൽ കടുത്ത വിലക്കയറ്റ ഭീഷണിയാണ് സാമ്പത്തിക മേഖലയിൽ ദൃശ്യമാകുന്നത്. ഇതോടെ ഇന്ത്യയിലെ പ്രധാന ഓഹരി സൂചികകൾ ഈ വാരവും കനത്ത തകർച്ച നേരിട്ടേക്കും. ചൊവ്വ, വെള്ളി ദിവസങ്ങളിൽ വിപണി അവധിയാണ്.

വിദേശ നിക്ഷേപകരുടെ പിന്മാറ്റമാണ് വിപണിക്ക് വലിയ പ്രതിസന്ധി. മാർച്ചിൽ ഇതുവരെ 1.14 ലക്ഷം കോടി രൂപയാണ് വിദേശ ഫണ്ടുകൾ ഇന്ത്യൻ വിപണിയിൽ നിന്ന് പിൻവലിച്ചത്. ആഭ്യന്തര നിക്ഷേപകരുടെ കരുത്തിൽ മാത്രം വിപണിക്ക് മുന്നേറാനാകില്ലെന്ന് അനലിസ്‌റ്റുകൾ പറയുന്നു. കഴിഞ്ഞ വാരം സെൻസെക്‌സ് 949.74 പോയിന്റും നിഫ്‌റ്റി 294.9 പോയിന്റും തകർച്ച നേരിട്ടു.

ഡോളറിനെതിരെ രൂപയുടെ മൂല്യത്തകർച്ച രൂക്ഷമാകുന്നതും വെല്ലുവിളിയാണ്. റിസർവ് ബാങ്ക് പുതിയ നിയന്ത്രണങ്ങൾ നാണയ വിപണിയിൽ ഏർപ്പെടുത്തിയെങ്കിലും രൂപ 95 കടന്ന് താഴേക്ക് നീങ്ങാൻ സാദ്ധ്യതയേറെയാണ്.