അങ്കമാലിക്ക് ഇത്തവണ ഹാട്രിക്കോ അട്ടിമറിയോ?
അങ്കമാലി: ആളും തരവും നോക്കി വോട്ടു ചെയ്യുന്നതാണ് അങ്കമാലിയുടെ രാഷ്ട്രീയ പാരമ്പര്യം. വോട്ടർമാരിൽ ബഹുഭൂരിപക്ഷവും അമ്പത് നോമ്പിന്റെ അവസാന വാരത്തിലായതും പ്രമുഖ ക്രിസ്തീയൻ തീർത്ഥാടനകേന്ദ്രമായ മലയാറ്റൂർ കുരിശുമല ഈ നിയോജകമണ്ഡലത്തിലായതും നിയമസഭ തിരഞ്ഞെടുപ്പ് പ്രചരണത്തിന് താത്കാലിക മാന്ദ്യത്തിന് ഇടയാക്കിയെങ്കിലും അടുത്തയാഴ്ച ഈസ്റ്റർ ആഘോഷം കഴിയുന്നതോടെ അങ്കമാലിയിൽ മത്സരം മുറുകും.
1965ൽ നിയമസഭ മണ്ഡലം നിലവിൽ വന്നശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥി ജോൺ വിജയിച്ചെങ്കിലും നിയമസഭ കാണാതെ പിരിഞ്ഞു. 65ൽ ഒരുമുന്നണിക്കും ഭൂരിപക്ഷമില്ലാത്തതുകൊണ്ട് സർക്കാർ രൂപീകരിച്ചില്ല. തുടർന്ന് 1967മുതൽ 80 വരെ എൽ.ഡി.എഫ് 1982മുതൽ 2001വരെ യു.ഡി.എഫ്, 2006ലും 2011ലും എൽ.ഡി.എഫ്, 2016, 2021 യു.ഡി.എഫ് എന്നതാണ് അങ്കമാലിയുടെ രാഷ്ട്രീയം.
റോജി ജോൺ
സിറ്റിംഗ് സീറ്റ് നിലനിറുത്തി ഹാട്രിക് വിജയം കരസ്ഥമാക്കാനുള്ള പോരാട്ടത്തിലാണ് യു.ഡി.എഫ് സ്ഥാനാർത്ഥി റോജി ജോൺ. 2016ൽ പുറത്തുനിന്ന് കെട്ടിയിറക്കിയ സ്ഥാനാർത്ഥിയെന്ന ആക്ഷേപമുണ്ടായിരുന്നിട്ടും ഇടതുപക്ഷത്തിന്റെ കൈയ്യിലിരുന്ന മണ്ഡലം 9186 വോട്ടിന്റെ ഭൂരിപക്ഷത്തിൽ റോജി കരസ്ഥമാക്കി. 2021ൽ മുൻ മന്ത്രിയും ജനതാദൾ നേതാവുമായ ജോസ് തെറ്റിയിലിനെ 15929 വോട്ടിന് പരാജയപ്പെടുത്തി.
സാജു പോൾ ഇത്തവണ യു.ഡി.എഫിനെ തറപറ്റിച്ച് ഏതുവിധേനയും അങ്കമാലി തിരിച്ചുപിടിക്കണമെന്ന വാശിയിലാണ് ഇടതുമുന്നണി. അതിനുള്ള അടവുനയവുമായാണ് ജനതാദളിൽ നിന്ന് അങ്കമാലി സീറ്റ് സി.പി.എം ഏറ്റെടുത്തത്. ജനതാദളിന് എറണാകുളം സീറ്റ് പകരം നൽകുകയും ചെയ്തു. 2001 മുതൽ 2011വരെ മൂന്ന് തവണ പെരുമ്പാവൂരിൽ നിന്ന് വിജയിച്ച സാജു പോളാണ് സി.പി.എം സ്ഥാനാർത്ഥി.
പ്രോമി കുര്യാക്കോസ്
രാഷ്ട്രീയത്തിലും തിരഞ്ഞെടുപ്പ് ഗോദയിലും നവാഗതനായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും ബിസിനസുകാരനുമായ പ്രോമി കുര്യാക്കോസ് ആണ് എൻ.ഡി.എ സ്ഥാനാർത്ഥി. രാഷ്ട്രീയക്കാരല്ലാത്തവരെ കളത്തിലിറക്കി പുതിയ സംസ്കാരം വളർത്തിയെടുക്കാനുള്ള ട്വന്റി20യുടെ പരിശ്രമമാണ് പ്രോമിയുടെ സ്ഥാനാർത്ഥിത്വം.