പ്രായം 39, ജോലി പണ്ടത്തെ അതേ സിക്‌സടി തന്നെ; ഹേംഗ്രൗണ്ടില്‍ തകര്‍ത്താടി രോഹിത് ശര്‍മ്മ
മുംബയ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സീസണിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ തന്നെ മുംബയ് ഇന്ത്യന്‍സിനായി തിളങ്ങി രോഹിത് ശര്‍മ്മ. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടരുന്ന മുംബയ്ക്കായി തകര്‍പ്പന്‍ തുടക്കം നല്‍കി മിന്നല്‍ അര്‍ദ്ധ സെഞ്ച്വറിയാണ് മുന്‍ നായകന്‍ അടിച്ചെടുത്തത്. 38 പന്തുകളില്‍ നിന്ന് ആറ് ബൗണ്ടറികളും വാംഖഡെയുടെ സ്റ്റാന്‍ഡുകളെ ത്രസിപ്പിക്കുന്ന ആറ് സിക്‌സറുകളും പറത്തിയതിന് ശേഷമാണ് രോഹിത് ശര്‍മ്മ മടങ്ങിയത്.
38 പന്തുകളില്‍ നിന്ന് 78 റണ്‍സ് നേടിയ രോഹിത് ശര്‍മ്മയെ 12ാം ഓവറിലെ അഞ്ചാം പന്തില്‍ വൈഭവ് അരോറ പുറത്താക്കുകയായിരുന്നു. ഹിറ്റ്മാന്‍ ഉയര്‍ത്തിയടിച്ച പന്ത് ഫീല്‍ഡര്‍ അനുകൂല്‍ റോയിയുടെ കൈകളില്‍ ഒതുങ്ങുകയായിരുന്നു. നിലവില്‍ ട്വന്റി 20 ഫോര്‍മാറ്റില്‍ ഐപിഎല്ലില്‍ മാത്രമാണ് രോഹിത് ശര്‍മ്മ കളിക്കുന്നത്. 2024ല്‍ ഇന്ത്യക്ക് ട്വന്റി 20 ലോകകപ്പ് നേടിക്കൊടുത്തതിന് പിന്നാലെ താരം ഈ ഫോര്‍മാറ്റില്‍ നിന്ന് വിരമിക്കുകയായിരുന്നു.
മുംബയ് നായക സ്ഥാനവും ഒഴിഞ്ഞ രോഹിത് നിലവില്‍ ഒരു ബാറ്റര്‍ എന്ന നിലയില്‍ മാത്രമാണ് മുംബയ് ഇന്ത്യന്‍സിനായി കളിക്കുന്നത്. അടുത്തിടെ അമിതവണ്ണം കുറച്ച രോഹിത് ശര്‍മ്മ തന്റെ ഫിറ്റ്‌നെസ് വീണ്ടെടുത്തതിന്റെ പേരില്‍ വലിയ പ്രശംസയാണ് നേടിക്കൊണ്ടിരിക്കുന്നത്. ഇത് താരത്തിന്റെ ബാറ്റിംഗ് ഫോമിലും പ്രതിഫലിക്കുന്നുണ്ട് എന്നത് ആരാധകര്‍ക്ക് ആശ്വാസകരമാണ്. മത്സരത്തിലേക്ക് വന്നാല്‍ 221 റണ്‍സ് പിന്തുടരുന്ന ടീമിന് റയാന്‍ റിക്കിള്‍ടണിന് ഒപ്പം മികച്ച തുടക്കമാണ് രോഹിത് സമ്മാനിച്ചത്. 71 പന്തുകളില്‍ നിന്ന് 148 റണ്‍സാണ് സഖ്യം ഒന്നാം വിക്കറ്റില്‍ അടിച്ചെടുത്തത്.