പാലക്കാട് ആവേശമായി നരേന്ദ്ര മോദി
പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി പാലക്കാടെത്തി. ഊഷ്മള സ്വീകരണം നൽകിയാണ് ജനങ്ങൾ പ്രധാനമന്ത്രിയെ വരവേറ്റത്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ പതിനായിരക്കണക്കിന് പ്രവർത്തകർ പ്രധാനമന്ത്രിയുടെ പൊതുസമ്മേളന വേദിയിലേക്ക് ഒഴുകിയെത്തി. ഇന്നലെ പകൽ 12ഓടെ തന്നെ കോട്ടമൈതാനിയിലെ സമ്മേളന വേദിയിലേക്ക് നേതാക്കളും പ്രവർത്തകരും എത്തിയിരുന്നു. ശേഷം വേദിയിലേക്ക് എൻ.ഡി.എയുടെ സംസ്ഥാന ജില്ലാ നേതാക്കളും സ്ഥാനാർത്ഥികളുമെത്തി. തുടർന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവൻ സംസാരിച്ചു തുടങ്ങി. സമയം2.20ഓടെ പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്മേളന വേദിയിലേക്കെത്തി. ജയ് വിളികളോടെയാണ് പ്രധാനമന്ത്രിയെ പാലക്കാട് വരവേറ്റത്. ഒരു മണിക്കൂർ നീണ്ട പ്രസംഗം അടിമുടി രാഷ്ട്രീയവും വികസനവും മാത്രം. ജയ് കേരളം, ജയ് വികസിത കേരളം എന്ന് വിളിച്ചാണ് പാലക്കാട് കോട്ടമൈതാനിയിൽ തിങ്ങിനിറങ്ങ സദസിന് മുന്നിൽ ഒരുമണിക്കൂറോളം നീണ്ട പ്രസംഗത്തിന് മോദി തുടക്കമിട്ടത്. ദേശീയ സംസ്ഥാന ജില്ലാ നേതാക്കളായ അബ്ദുള്ളക്കുട്ടി, സാബു എം.ജേക്കബ്, സി.കെ.പത്മനാഭൻ, എം.ടി.രമേശ്, എ.എൻ.രാധാകൃഷ്ണൻ, പ്രശാന്ത് ശിവൻ, ഇ.കൃഷ്ണദാസ്, സ്മിതേഷ്, എൻ.ഡി.എ സ്ഥാനാർത്ഥിയായ എ.എൻ.അനുരാഗ്, ശോഭ സുരേന്ദ്രൻ, സി.കൃഷ്ണകുമാർ, രേണു സുരേഷ്, പി.മനോജ്, വി.ഉണ്ണികൃഷ്ണൻ, ശങ്കു.ടി ദാസ്, മേജർ രവി, എം.സുരേഷ് ബാബു, പ്രാണേശ് രാജേന്ദ്രൻ, ഐസക് വർഗീസ് എന്നിവർ സംസാരിച്ചു.
കേരളം മാറ്റത്തിന്റെ പാതയിൽ: പ്രധാനമന്ത്രി
'പ്രിയപ്പെട്ട സഹോദരങ്ങൾക്ക് വിനീതമായ നമസ്‌കാരം' എന്ന് മലയാളത്തിൽ അഭിസംബോധന ചെയ്തു. മാറാത്തത് മാറുമെന്നും കേരളം മാറ്റത്തിന്റെ പാതയിലാണെന്നും പ്രധാനമന്ത്രി പൊതുസമ്മേളനത്തിൽ പറഞ്ഞു. കൽപാത്തിയിലെ വിശാലാക്ഷീ സമേതനായ വിശ്വനാഥസ്വാമിയുടെ പാദങ്ങളിൽ നമസ്‌കരിച്ച മോദി, കൽപാത്തിയെ കാശിയോട് ഉപമിച്ചു.
ഇത്തവണ കേരളം മാറുന്ന സാഹചര്യമുണ്ട്. കേരളം മാറ്റത്തിന്റെ സന്ദേശം നൽകുന്നു. ബി.ജെ.പിയോട് ജനങ്ങൾക്കുള്ള വിശ്വാസം കൂടിവരുന്നു. കേരളത്തിന്റെ ചിന്താഗതി മാറിയിരിക്കുന്നു. യുവാക്കൾക്കും സ്ത്രീകൾക്കും കൃഷികാർക്കുമൊക്കെ സ്‌നേഹവും വിശ്വാസവും ബി.ജെ.പിയിലും എൻ.ഡി.എയിലുമാണ്. ടീം ബി.ജെ.പി അല്ലെങ്കിൽ ടീം എൻ.ഡി.എ ഇവിടെ സർക്കാർ ഉണ്ടാക്കും. മുഖംമൂടിയണിഞ്ഞ സ്വാർത്ഥരായ രണ്ടുമുന്നണികളുടെ വഞ്ചനയിലാണ് പതിറ്റാണ്ടുകളായി കേരളം കഴിഞ്ഞത്. വർഗീയവാദികളായ എൽ.ഡി.എഫും യു.ഡി.എഫും വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് വേണ്ടി മാത്രമാണ് പ്രവർത്തിച്ചത്. കോൺഗ്രസ് ബി.ജെ.പിയുടെ ബി ടീം ആണെന്ന് കമ്യൂണിസ്റ്റുകാർ പറയുന്നു. കോൺഗ്രസുകാർ പറയുന്നത് കമ്യൂണിസ്റ്റുകാർ ബി.ജെ.പിയുടെ ബി ടീം ആണെന്നാണ്. ഇത്തവണ എ ടീമായി ആകെയുള്ളത് ബി.ജെ.പി മാത്രമാണെന്ന് അവർ സമ്മതിച്ചിരിക്കുന്നു. കേരളത്തിൽ എൽ.ഡി.എഫും യു.ഡി.എഫും എതിർക്കുന്നത് ബി.ജെ.പിയെയാണ്. അവർ കള്ളപ്രസ്താവനകളും ഭീഷണികളും മുഴക്കുന്നതല്ലാതെ പരസ്പരം നിയമനടപടികൾ സ്വീകരിച്ചിട്ടില്ല. ബി.ജെ.പി സർക്കാർ വന്നാൽ അവരുടെ കള്ളത്തരങ്ങൾ പുറത്തുകൊണ്ടുവരും. പത്തുവർഷത്തിനിടെ കോൺഗ്രസ് നൽകിയതിന്റെ അഞ്ചിരട്ടിയാണ് കേരളത്തിന് നൽകിയത്. പക്ഷേ അത് ശരിയായി വിനിയോഗിച്ചില്ല. അഞ്ചുലക്ഷം കോടിയിലധികം കടം പേറിയ നിലയിലാണ് കേരളം. പത്തുവർഷത്തിനിടെ കേരളത്തിന്റെ കടം മൂന്നിരട്ടിയിലധികമായി. കേരത്തിന്റെ പണം എവിടെ പോയി. എൽ.ഡി.എഫുകാരുടെ കീശയിൽ പോയി. എൻ.ഡി.എ സർക്കാർ വന്നാൽ അന്വേഷണം നടത്തി അഴിമതിപ്പണം തിരിച്ചുപിടിച്ച് വികസനത്തിനായി വിനിയോഗിക്കും. കോൺഗ്രസും ഇടതുപക്ഷവും അധികാരത്തിലിരുന്ന സ്ഥലമൊക്കെ കുഴപ്പത്തിലാക്കി നശിപ്പിച്ചത് കണ്ടതാണ്. അവരുടെ ചക്രവ്യൂഹത്തിൽ കേരളവും പെട്ടുപോയെന്ന് മോദി പറഞ്ഞു.