വിരാട നടനം

Sunday 29 March 2026 11:34 PM IST

കഴിഞ്ഞ ദിവസം ഐ.പി.എല്ലിലെ ആദ്യ മത്സരത്തിൽ ഹൈദരാബാദ് സൺറൈസേഴ്സിനെതിരായ മത്സരത്തിൽ ആർ.സി.ബിക്ക് വിജയം നൽകുന്നതിൽ പ്രധാന പങ്കുവഹിച്ചത് മുൻ നായകൻ വിരാട് കൊഹ്‌ലിയുടെ ബാറ്റിംഗാണ്. നിശ്ചിത 20 ഓവറിൽ സൺറൈസേഴ്സ് 201/9 എന്ന സ്കോർ ഉയർത്തിയപ്പോൾ ആർ.സി.ബിയുടെ ചേസിംഗിന് ചുക്കാൻ പിടിച്ചത് ഓപ്പണറായി ക്രീസിലെത്തി വിജയം വരെ നിന്ന വിരാടാണ്. 38 പന്തുകളിൽ അഞ്ചുവീതം ഫോറും സിക്സുമടക്കം 69 റൺസാണ് വിരാട് നേടിയത്. ദേവ്‌ദത്ത് പടിക്കലി(61)നൊപ്പം 101 റൺസിന്റേയും രജത് പാട്ടീദാറിനൊപ്പം 53 റൺസിന്റേയും കൂട്ടുകെട്ടും സൃഷ്ടിച്ചു.

2024ൽ ട്വന്റി-20യിൽ നിന്നും 2025ൽ ടെസ്റ്റിൽ നിന്നും വിരമിച്ച വിരാട് കഴിഞ്ഞ സീസൺ ഐ.പി.എല്ലിലും ഗംഭീര പ്രകടനമാണ് കാഴ്ചവച്ചിരുന്നത്. ട്വന്റി-20യിലും ടെസ്റ്റിലും വിരമിക്കൽ പിൻവലിച്ച് 37കാരനായ വിരാട് തിരിച്ചെത്തണമെന്ന അഭിപ്രായം ഈ ഐ.പി.എല്ലിലെ ആദ്യമത്സരത്തിന് ശേഷം പല മുൻതാരങ്ങളും മുന്നോട്ടുവച്ചിട്ടുണ്ട്.