പാമ്പുകൾ പടി​വാതി​ലി​ൽ, ജാഗ്രതയോടെ പുറത്തി​റങ്ങാം

Monday 30 March 2026 12:39 AM IST

പത്തനംതിട്ട : വേനൽച്ചൂട് കടുത്തതോടെ ഇഴജീവികൾ മാളംവിട്ട് പുറത്തി​റങ്ങുന്നതി​നാൽ ജാഗ്രത പുലർത്തണം. തണുപ്പ് തേടി ഭിത്തിക്കരികിലും വാതി​ൽ ഭാഗങ്ങളിലും വിഷപ്പാമ്പുകളെത്തും. വള്ളിക്കോട് വീടിന്റെ വിറകുപുരയിൽ നിന്ന് മൂർഖനെ കണ്ടെത്തിയത് കഴിഞ്ഞയാഴ്ചയാണ്. മലയോര ജനവാസമേഖലയിൽ നിന്ന് രാജവെമ്പാലകളെയും പിടികൂടി.

കഴിഞ്ഞ ദിവസം കൊടുമൺ ചാലാപ്പറമ്പിൽ വീടിന്റെ വാതിലിനോട് ചേർന്ന് പെരുമ്പാമ്പിനെ കണ്ടെത്തി. കൊടുമണ്ണിൽ അടുത്തിടെ വീട്ടുപറമ്പിൽ പെരുമ്പാമ്പിനെയും കുഞ്ഞുങ്ങളെയും കണ്ടെത്തിയിരുന്നു.

ഉഗ്രവിഷമുള്ള പാമ്പുകൾ വീട്ടുപരിസരങ്ങളിൽ എത്തുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. വേനൽ അവധിക്കാലമായതിനാൽ കുട്ടികൾ വീട്ടുമുറ്റങ്ങളിൽ കളിക്കുമ്പോൾ കരുതൽ വേണമെന്ന് പാമ്പുപിടിത്തക്കാർ ഓർമ്മിപ്പിക്കുന്നു.

ഇണചേരും കാലം

ഡി​സംബർ മുതൽ പാമ്പുകൾ ഇണചേരുന്ന കാലമാണ്. ഈ സമയത്ത് ഇവയ്ക്ക് അക്രമസ്വഭാവം ഏറും. ഇണയെ കണ്ടെത്താനും തണുപ്പ് തേടിയും കരിയിലകൾക്കടിയിലും ഇടുങ്ങി​യ ഭാഗങ്ങളി​ലും പാമ്പുകൾ പതുങ്ങി കിടക്കും. ഈ സമയത്ത് പാമ്പുകളെ കരുതലോടെ മാത്രമേ സമീപി​ക്കാവൂ.

ജില്ലയിൽ റാന്നി, കോന്നി വനം ഡിവിഷനുകളിലും ആലപ്പുഴ ജില്ലയിലും വനംവകുപ്പിന്റെ ആർ.ആർ.ടിയാണ് പാമ്പുകളെ പിടിക്കുന്നത്.

ഈ മാസം ജി​ല്ലയി​ൽ പിടിച്ച പാമ്പുകളുടെ എണ്ണം : 242

ലൈസൻസുള്ള പാമ്പ് പിടുത്തക്കാർ : 34

ജാഗ്രത

സന്ധ്യാസമയവും രാവിലെയും,

വേനൽ മഴക്കി​ടെ തവളകളെ ഇരയാക്കാൻ പാമ്പി​റങ്ങും

വൃത്തി വേണം

♦ വീടിന്റെ അകവും പുറവും വൃത്തിയായി സൂക്ഷിക്കണം ♦ വാതിലുകൾ, ജനലുകൾ എന്നിവയ്ക്ക് സമീപം തൊണ്ട്, വൈക്കോൽ, വിറക് എന്നിവ ഇടരുത്. ♦ ചെരുപ്പ്, ഷൂസ്, ഹെൽമറ്റ് എന്നിവ ധരിക്കും മുൻപ് പരിശോധിക്കണം ♦ അടുക്കള, വാട്ടർടാങ്ക്, ഓവുചാൽ എന്നീ തണുപ്പുള്ള സ്ഥലങ്ങളും ശ്രദ്ധിക്കണം ♦ വീടിനുള്ളിലേക്ക് ചാഞ്ഞുനിൽക്കുന്ന മരക്കൊമ്പുകൾ വെട്ടണം.

പാമ്പിനെ കണ്ടാൽ വിളിക്കാം

വനംവകുപ്പിന്റെ ആർ.ആർ.ടി നമ്പരുകൾ

റാന്നി : 8547600927, കോന്നി : 8547600600.

സർപ്പ ആപ്പിൽ ചിത്രവും ലൊക്കേഷനും അറിയിക്കാം.

ആന്റിവെനമുള്ള ആശുപത്രികൾ

പാമ്പ് കടി​യേൽക്കുമ്പോൾ ശരീരത്തിലെത്തുന്ന വിഷാംശത്തെ നിർവീര്യമാക്കാൻ നൽകുന്ന പ്രതിരോധ മരുന്നാണ് ആന്റി​വെനം.

ജില്ലാ ആശുപത്രി കോഴഞ്ചേരി. പത്തനംതിട്ട, അടൂർ ജനറൽ ആശുപത്രികൾ, കോന്നി, റാന്നി, തിരുവല്ല, മല്ലപ്പള്ളി താലൂക്ക് ആശുപത്രികൾ എന്നി​വി​ടങ്ങളി​ൽ ആന്റി​വെനം ലഭി​ക്കും.