വയനാട് ദുരിതാശ്വാസം: തുക കോൺഗ്രസ് പ്രചാരണത്തിന് വകമാറ്റിയെന്ന് എം. സ്വരാജ്
കൊച്ചി: വയനാട് ദുരന്തബാധിതർക്കായി സമാഹരിച്ച തുക കോൺഗ്രസ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി വകമാറ്റിയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. സ്വരാജ്. എറണാകുളം ലെനിൻ സെന്ററിൽ വാർത്താസമ്മേളനത്തിലായിരുന്നു ഗുരുതര ആരോപണം.
വയനാടിനെ മുൻനിറുത്തി എത്ര പണം പിരിച്ചെന്നും പോഷക സംഘടനകൾ വഴി എത്ര തുക സമാഹരിച്ചെന്നും കോൺഗ്രസ് വ്യക്തമാക്കണം. പ്രതിപക്ഷ നേതാവിന്റെയും കെ.പി.സി.സി പ്രസിഡന്റിന്റെയും സംയുക്ത അക്കൗണ്ടിലാണ് പണം നിക്ഷേപിച്ചതെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ അത് കളവാണെന്ന് തെളിഞ്ഞു. വിമർശനങ്ങൾ വന്നപ്പോൾ മൂന്നേക്കർ വാങ്ങി കെട്ടിടത്തിന് തറക്കല്ലിട്ടതല്ലാതെ ഒരു നിർമ്മാണവും നടത്തിയില്ല. വീട് നിർമ്മാണം തുടങ്ങിയെന്ന പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന കളവാണ്. കെട്ടിട നിർമ്മാണത്തിന് അനുമതി തേടി ഒരു അപേക്ഷ പോലും തദ്ദേശ സ്ഥാപനങ്ങളിൽ വന്നിട്ടില്ല. അബദ്ധത്തിൽ പോലും സത്യം പറയരുതെന്ന് ശഠിക്കുന്ന നേതാവായി പ്രതിപക്ഷ നേതാവ് മാറിയെന്നും ഇങ്ങനെ പയേണ്ടി വന്നതിൽ നിരാശയുണ്ടെന്നും സ്വരാജ് പറഞ്ഞു.