ജനങ്ങളുടെ ആവശ്യങ്ങൾ ചോദിച്ചറിഞ്ഞ് ഡോ. പ്രതാപ് കുമാർ

Monday 30 March 2026 12:53 AM IST

കൊല്ലം: നിയമസഭ തിരഞ്ഞെടുപ്പിൽ പ്രചാരണത്തിന് വേറിട്ട ശൈലിയുമായി കൊല്ലത്തെ എൻ.ഡി.എ സ്ഥാനാർത്ഥി ഡോ. എൻ. പ്രതാപ്‌കുമാർ. ഗൃഹ സമ്പർക്കത്തിലൂടെ പരമാവധി വോട്ടർമാരെ നേരിൽ കണ്ട് വോട്ട് അഭ്യർത്ഥിക്കുകയാണ് അദ്ദേഹം.

കേവലം വോട്ട് ചോദിക്കലല്ല, ഓരോരുത്തരുടെയും പ്രശ്നങ്ങളും അടിയന്തര ഇടപെടൽ ആവശ്യമുള്ള വിഷയങ്ങളും ചോദിച്ചറിഞ്ഞാണ് ഡോ. പ്രതാപ്കുമാറിന്റെ പ്രചാരണം മുന്നോട്ട് പോകുന്നത്. ഇന്നലെ പുലർച്ചെ കുരീപ്പുഴയിൽ നിന്ന് തുടങ്ങിയ പ്രചാരണ പരിപാടികൾ രാത്രി ഏറെ വൈകിയാണ് സമാപിച്ചത്. കുരീപ്പുഴ തേവർകാവ് ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെത്തി പ്രാർത്ഥിച്ച ശേഷം ഭക്തരോട് വോട്ട് അഭ്യർത്ഥിച്ചു. തുടർന്ന് വലിയകാവ് ശ്രീപാർവതീ ക്ഷേത്രവും സന്ദർശിച്ച് ഗൃഹസമ്പർക്കം തുടർന്നു. വോട്ടർമാർക്ക് ഓരോരുത്തർക്കും പറയാനുള്ളത് ശ്രദ്ധാപൂർവം കേട്ട് പരിഹാര മാർഗവും ആരാഞ്ഞ ശേഷമാണ് മടങ്ങുന്നത്. മങ്ങാട് ശ്രീകുമാരപുരം ക്ഷേത്രത്തിൽ കാവടി ഉത്സവ ദിവസമായയതിനാൽ വലിയ തിരക്കിനിടയിൽ ഓട്ടപ്പാച്ചിൽ നടത്തി വോട്ട് അഭ്യർത്ഥന തുടർന്നു.

കണ്ടച്ചിറ സെന്റ്. തോമസ് ചർച്ചിലെത്തി പള്ളി വികാരി ഫാ. ജോൺ പോളുമായി കൂടിക്കാഴ്ച നടത്തി. മൂതാക്കര പ്രദേശത്തു നിന്നാണ് ഉച്ചയ്ക്ക് ശേഷമുള്ള പ്രചാരണം ആരംഭിച്ചത്. ഏതാനും കുടുംബ യോഗങ്ങളിലും ഡോ.പ്രതാപ്‌കുമാർ പങ്കെടുത്തു.