തിരുവനന്തപുരം നഗരത്തിൽ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ തീപിടിത്തം, അപകടം മൂന്നുനില കെട്ടിടത്തിൽ

Monday 30 March 2026 8:36 AM IST

തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ ശാസ്‌തമംഗലത്ത് മൂന്ന്‌നില കെട്ടിടത്തിൽ തീപിടിത്തം. ശാസ്‌തമംഗലം ജംഗ്‌ഷനിലെ മരുതംകുഴി റോഡിലുള്ള കണ്ണാട്ട് ഫിൻഗോൾഡ് എന്ന സ്ഥാപനത്തിലാണ് ഇന്ന് പുലർച്ചെ അഞ്ചോടെ തീപിടിത്തമുണ്ടായത്. മൂന്ന് യൂണിറ്റ് അഗ്നിരക്ഷാ സേന സ്ഥലത്തെത്തി അരമണിക്കൂറിനുള്ളിൽ തീയണച്ചു.

ഓഫീസിലെ ഇൻവെർട്ടറിൽ നിന്നുണ്ടായ തീയാണ് അപകടകാരണമെന്നാണ് മനസിലാക്കാനായതെന്നും പുലർച്ചെ നാലരവരെ പ്രദേശത്ത് പത്രവിതരണക്കാരുണ്ടായിരുന്നുവെന്നും സ്ഥലത്തെത്തിയ വട്ടിയൂർക്കാവ് എംഎൽഎ വികെ പ്രശാന്ത് അറിയിച്ചു. ഇവർ മടങ്ങിയശേഷമാണ് തീപിടിത്തമുണ്ടായതെന്നും ഉടൻ പൊലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി തീയണച്ചെന്നും എംഎൽഎ വ്യക്തമാക്കി.

മൂന്ന് നില കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് പണമിടപാട് സ്ഥാപനമുള്ളത്. ഇവിടെ ഓഫീസിൽ കാര്യമായ നഷ്‌ടമുണ്ടെന്ന് സൂചനയുണ്ട്. മറ്റിടങ്ങളിലേക്ക് വ്യാപിക്കും മുൻപ് തീയണച്ചു.