പ്രവാസികളുടെ ശ്രദ്ധയ്‌ക്ക്; ഫോൺ ഉപയോഗിക്കുമ്പോൾ സൂക്ഷിക്കണം, യുഎഇയിൽ യുവാവ് അറസ്റ്റിൽ, പിഴ ലക്ഷങ്ങൾ
ഫുജൈറ: യുഎഇ ഫുജൈറയിലെ നിയന്ത്രിത പ്രദേശങ്ങളിൽ അതിക്രമിച്ചുകയറി വീഡിയോ ചിത്രീകരിച്ച യുവാവ് അറസ്റ്റിൽ. അറബ് പൗരനാണ് പിടിയിലായത്. രാജ്യത്തെ നിയമങ്ങളും ചട്ടങ്ങളും ലംഘിച്ചിതിന്റെ പേരിലാണ് അറസ്റ്റ്.
ചോദ്യം ചെയ്യലിനിടെ താനൊരു മാദ്ധ്യമസ്ഥാപനത്തിലാണ് ജോലി ചെയ്യുന്നതെന്ന് പ്രതി പറഞ്ഞു. എന്നാൽ, ഇയാൾ പ്രവേശിച്ച സ്ഥലത്തേക്ക് പോകുന്നതിനുള്ള പെർമിറ്റോ മറ്റ് രേഖകളോ കൈവശമുണ്ടായിരുന്നില്ല. ഒരു വിദേശമാദ്ധ്യമത്തിന്റെ ദുബായ് ബ്രാഞ്ചിൽ ജോലി ചെയ്യുന്ന പത്രപ്രവർത്തകന്റെ വാഹനം വാടകയ്‌ക്കെടുത്താണ് പ്രതി സ്ഥലത്തെത്തിയതെന്ന് വിശദമായ അന്വേഷണത്തിൽ വ്യക്തമായി.
നിരോധിത മേഖലയിൽ പ്രവേശിച്ചതിനും ലൈസൻസില്ലാതെ വീഡിയോ ചിത്രീകരിച്ചതിനും ആവശ്യമായ നിയനടപടി സ്വീകരിക്കാൻ പബ്ലിക് പ്രോസിക്യൂഷന് മുന്നിൽ പ്രതിയെ ഹാജരാക്കും. എടുത്ത വീഡിയോ പ്രതി വാർത്താ ഏജൻസിക്ക് അയച്ച് നൽകിയതായും അന്വേഷണത്തിൽ കണ്ടെത്തി. യുഎഇയിൽ നിയന്ത്രിത മേഖലകളിൽ വീഡിയോ ചിത്രീകരിക്കുന്നതിന് മുൻകൂട്ടി അനുമതി തേടേണ്ടത് നിർബന്ധമാണ്. ഈ നിയമങ്ങൾ ലംഘിക്കുന്നവർക്ക് തടവും ലക്ഷങ്ങൾ പിഴയും ശിക്ഷ അനുഭവിക്കേണ്ടിവരും.