'കേരളത്തിലെ മത്സരം യുഡിഎഫും സിപിഎം - ബിജെപി സഖ്യവും തമ്മിൽ'; തെളിവുകൾ നിരത്തി രാഹുൽ ഗാന്ധി
പത്തനംതിട്ട: നിയമസഭാ തിരഞ്ഞെടുപ്പിൽ ഒരു ഭാഗത്ത് യുഡിഎഫും മറുഭാഗത്ത് എൽഡിഎഫ് - ബിജെപി സംയുക്ത സഖ്യവുമാണെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. അടൂരിൽ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഹുൽ ഗാന്ധിയുടെ വാക്കുകൾ:
'ബിജെപിയുടെ പൂർണ പിന്തുണയുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണിയോടാണ് നമ്മൾ മത്സരിക്കുന്നത്. ഈ പോരാട്ടത്തിൽ ഒരു ഭാഗത്ത് യുഡിഎഫും മറുഭാഗത്ത് എൽഡിഎഫ് - ബിജെപി സഖ്യവുമാണ്. കേരളത്തിലെ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ അദൃശ്യമായ കരമുണ്ട്. കേരളത്തിൽ യുഡിഎഫ് വരണമെന്ന് ബിജെപിക്കില്ല. കാരണം അവരെ വെല്ലുവിളിക്കുന്ന ഒരേ ഒരു പാർട്ടി യുഡിഎഫ് ആണ്. ബിജെപിയോടും ആർഎസ്‌എസിനോടും അടിസ്ഥാനപരമായ അഭിപ്രായവ്യത്യാസമുണ്ട്. ദേശീയതലത്തിൽ ഇവിടത്തെ എൽഡിഎഫിന് ബിജെപിയെ ഒരിക്കലും വെല്ലുവിളിക്കാനുള്ള ശക്തിയില്ലെന്ന് അവർക്കുതന്നെ അറിയാം.
ഞാൻ പറയുന്നതിന് തെളിവുണ്ടോ എന്ന് നിങ്ങൾ ചിന്തിച്ചേക്കാം. അതിന് ഏറ്റവും വലിയ തെളിവ് ബിജെപിയെ എതിർക്കുന്നവർക്കെതിരെ കേസെടുക്കും എന്നതാണ്. എന്റെ പേരിൽ 36 കേസുകളുണ്ട്. 55 മണിക്കൂർ എന്നെ ചോദ്യംചെയ്‌തിട്ടുണ്ട്. കേരളത്തിലെ മുഖ്യമന്ത്രിക്കെതിരെ ബിജെപിയുടെ ഒരു ആക്രമണവും നടക്കുന്നില്ല. ഇതുതന്നെയാണ് ഏറ്റവും വലിയ തെളിവ്. അവർക്ക് നേരെ അന്വേഷണം നടക്കുന്നുണ്ടെങ്കിലും ബിജെപി അവർക്ക് ഭീഷണിയാകുന്നില്ല.
ഇന്നലെ പ്രധാനമന്ത്രി കേരളത്തിൽ എത്തിയിരുന്നു. അദ്ദേഹം എവിടെ പോയാലും സംസാരിക്കുന്നത് ക്ഷേത്രങ്ങളെപ്പറ്റിയാണ്. എന്നാൽ, കേരളത്തിലെത്തുമ്പോൾ അദ്ദേഹം ശബരിമലയെ മറക്കുന്നു. അയ്യപ്പന്റെ സ്വർണം കട്ട ഇടത് നേതാക്കൾക്കെതിരെ ഒരു വാക്ക് പോലും പറയുന്നില്ല. ഇതിലും ബിജെപിയും എൽഡിഎഫും ഒന്നാണെന്ന് വ്യക്തമാവുകയാണ്. വോട്ട് ലഭിക്കുമെങ്കിൽ മാത്രമാണ് മോദി ക്ഷേത്രങ്ങളെക്കുറിച്ച് സംസാരിക്കുന്നത്. എന്നാൽ, എൽഡിഎഫിന് വേണ്ടിയാണെങ്കിൽ അദ്ദേഹം മിണ്ടില്ല. യുഡിഎഫ് അധികാരത്തിൽ വന്നാൽ അയ്യപ്പന്റെ സ്വർണം കട്ടവരെയെല്ലാം നിയമത്തിന് മുന്നിൽ കൊണ്ടുവരും. '