സിന്ധു കൃഷ്ണയുടെ പിതാവ് എസ്  രംഗനാഥൻ  അന്തരിച്ചു

Monday 30 March 2026 3:26 PM IST

തിരുവനന്തപുരം: നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധു കൃഷ്ണയുടെ പിതാവ് എസ് രംഗനാഥൻ അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരിക്കെയാണ് അന്ത്യം. തിരുവനന്തപുരത്തെ വസതിയിലായിരുന്നു താമസം. സിന്ധു കൃഷ്ണയെകൂടാതെ സിമി എന്നൊരു മകൾ കൂടി അദ്ദേഹത്തിനുണ്ട്. സിന്ധു കൃഷ്ണയുടെ മക്കളായ അഹാനയും ദിയയും മരണവാർത്ത സ്ഥിരീകരിച്ചിട്ടുണ്ട്.

വർഷങ്ങളോളം മസ്കറ്റിൽ സ്വന്തമായി പാക്കിംഗ് ആൻഡ് ഫോർവേഡിംഗ് ബിസിനസ് നടത്തിയിരുന്ന രംഗനാഥൻ, മക്കൾ വിവാഹിതരായശേഷമാണ് പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിൽ സ്ഥിരതാമസമാക്കിയത്. വളരെ സജീവമായിരുന്ന പിതാവ് വാർദ്ധക്യസഹജമായ അവശതകളിലേക്ക് മാറിയതിനെക്കുറിച്ച് സിന്ധു തന്റെ വ്ലോഗുകളിലൂടെ മുൻപ് സൂചിപ്പിച്ചിരുന്നു.