ക്യൂവിലും ചർച്ച ഇലക്ഷൻ മയം....

Tuesday 31 March 2026 12:10 AM IST
ബീവറേജസ് ഷോപ്പ്

കോലഞ്ചേരി: സമയം രാവിലെ 9.30. പത്തു മണിക്ക് ബീവറേജസ് ഷോപ്പ് തുറക്കുന്നതും കാത്ത് പട്ടിമറ്റത്ത് നീണ്ട ക്യൂ. വേനൽച്ചൂടിനെ വെല്ലുന്ന തിരഞ്ഞെടുപ്പ് ചൂടാണ് ക്യൂവിലാകമാനം. 'കുന്നത്തുനാട്ടിലാരു ജയിക്കും?" ചോദ്യമെറിഞ്ഞത് ക്യൂവിന്റെ പിന്നിൽ നിന്ന അറുപത് കഴിഞ്ഞ കുമാരനാണ്. ചോദ്യം തീരുംമുമ്പേ ഉത്തരവുമെത്തി. 'വോട്ട് കൂടുതൽ കിട്ടുന്നയാള് ജയിക്കും" - ചെറുചിരിയോടെ വർഗീസിന്റെ ഉത്തരം. 'ആരു ജയിച്ചാലും നമുക്കൊരു പ്രയോജനവുമില്ലെ"ന്ന് നാരായണന്റെ കണ്ടുപിടുത്തം. 'വന്നോര് ഈ കുപ്പിക്കൊരു പത്ത് രൂപ കുറയ്ക്കുമോ? ഇന്നാളും കൂട്ടി വില. കുടിയന്മാരുടെ വോട്ടെല്ലാവർക്കും വേണം. കുടിയന്റെ കാശ് പെട്ടിയിലാക്കാൻ സർക്കാരുകൾ മത്സരമാണ്. എന്നാൽ കുടിയനു വേണ്ടി പറയാൻ ഒരുത്തൻ പോലുമില്ല" - മത്തായിക്ക് പരിഭവം തീരുന്നില്ല.ബീവറേജിന് മുന്നിലെ കടയുടെ ഭിത്തിയിൽ സ്ഥാനാർത്ഥികളുടെ ചിരിക്കുന്ന പോസ്റ്ററുകളാണ് കുടിയന്മാരെ വരവേൽക്കുന്നത്. പോസ്റ്ററിലേക്ക് നോക്കി കൊച്ചൂഞ്ഞിന്റെ കമന്റ്- 'ചിരിക്കണ ചിരി കണ്ടോ? തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ പിന്നെ ഈ ചിരി പോയിട്ട് കണ്ടാൽ അറിയുമോ? ഇപ്പോൾ എന്താ സ്നേഹം." 'അതൊക്കെ അങ്ങനെയാണ്, വോട്ടെത്തുമ്പോൾ നമ്മളെ എല്ലാവർക്കും വേണം. അതുകഴിഞ്ഞാൽ വെറും പിണം" - മത്തായിയുടെ മറുപടി. 'മദ്യത്തിന് വില കുറയ്ക്കാതെ ഇനി വോട്ട് ചെയ്യില്ലെന്ന് നമ്മളങ്ങ് തീരുമാനിച്ചാൽ മതി, ഇവരൊക്കെ പിന്നാലെ വരും" - അദ്ദേഹം വിടുന്ന ഭാവമില്ല. 'പണ്ടത്തെ ഓളമൊന്നും ഇപ്പോഴില്ലെന്നേ, പ്രചാരണക്കാർക്ക് വാട്‌സാപ്പും ഫെയ്‌സ്ബുക്കും മതി" - ക്യൂവിലുള്ളവരിലെ ചെറുപ്പക്കാരനായ ഓട്ടോ ഡ്രൈവർ ശിവന്റെ കമന്റ്. കൗണ്ടർ തുറക്കാറായി.'ഷെയറിട്ട് വാങ്ങേണ്ട സാധനം പറ" എന്നായി കൃഷ്ണൻ. കൗണ്ടർ തുറന്നതിനുമൊപ്പം ക്യൂവിന്റെ നീളം കുറഞ്ഞുവന്നു. കൗണ്ടറിനടുത്തെത്തിയതോടെ ചർച്ചയും അവസാനിപ്പിച്ച് പുറത്തേക്ക്.