ബി ജെ പി ദേശീയ അധ്യക്ഷന്‍ നാളെ തിരുവനന്തപുരത്ത്: എന്‍ഡിഎ മാര്‍ഗ്ഗരേഖ പ്രകാശനം ചെയ്യും

Monday 30 March 2026 7:50 PM IST

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നല്‍കാന്‍ ബി ജെ പി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിന്‍ കേരളത്തിലെത്തും. തിരുവനന്തപുരത്ത് ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് ഇടപ്പഴഞ്ഞി ആര്‍ ഡി ആര്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ചടങ്ങില്‍ എന്‍ഡിഎ മാര്‍ഗ്ഗരേഖ ദേശീയ അധ്യക്ഷന്‍ പ്രകാശനം ചെയ്യും. എന്‍ഡിഎ അധികാരത്തിലെത്തിയാല്‍ യാഥാര്‍ത്ഥ്യമാക്കാന്‍ പരിശ്രമിക്കുന്ന വികസിത കേരളം മാര്‍ഗ്ഗരേഖ ബി ജെ പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ അവതരിപ്പിക്കും.

'ഇതാണ് മാറ്റം, ഇതാണ് വികസിത കേരളം' എന്ന തലവാചകത്തോടെയാണ് ഭാവികേരള വികസനത്തിനുള്ള മാര്‍ഗ്ഗരേഖ എന്‍ ഡി എ പുറത്തിറക്കുന്നത്. കേരള വികസനത്തിന് കുതിപ്പേകുന്ന പ്രഖ്യാപനങ്ങളും മാര്‍ഗ്ഗരേഖയിലുണ്ട്. എന്‍ഡിഎ നേതാക്കളായ സാബു എം. ജേക്കബ്, തുഷാര്‍ വെള്ളാപ്പള്ളി എന്നിവരും മാര്‍ഗ്ഗരേഖയെപ്പറ്റി ക്ഷണിക്കപ്പെട്ട സദസിനു മുന്നില്‍ സംസാരിക്കും. ബി ജെ പി കേരളം പ്രഭാരി പ്രകാശ് ജാവദേക്കര്‍, തെരഞ്ഞെടുപ്പ് പ്രഭാരി വിനോദ് താവഡെ, സഹ പ്രഭാരി ശോഭ കരന്തലജെ എന്നിവര്‍ ചടങ്ങില്‍ പ്രസംഗിക്കും.

ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിന് കേരളത്തില്‍ രണ്ട് ദിവസമാണ് തെരഞ്ഞടുപ്പ് പ്രചാരണ പരിപാടികള്‍. ചൊവ്വ രാവിലെ 12 മണിക്ക് ആറ്റിങ്ങലില്‍ ദേശീയ അധ്യക്ഷന്‍ റോഡ് ഷോ നടത്തും. വൈകിട്ട് 3 മണിക്ക് ഹെലികോപ്റ്റര്‍ മാര്‍ഗം മലപ്പുറം താനൂരിലേക്ക് തിരിക്കും. താനൂര്‍ പുത്തന്‍ തെരുവിലെ പൊതുസമ്മേളനത്തില്‍ ദേശീയ അധ്യക്ഷന്‍ പ്രസംഗിക്കും. ബുധനാഴ്ച രാവിലെ 12 മണിക്ക് മട്ടന്നൂരിലും 4 മണിക്ക് കൂത്തുപറമ്പിലും നടക്കുന്ന റോഡ്ഷോയിലും നിതിന്‍ നബിന്‍ പങ്കെടുക്കും.

പൂജപ്പുരയില്‍ ഡ്രോണ്‍ ഷോ രാത്രി 7 ന്

തിരുവനന്തപുരം: ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പൂജപ്പുര ഗ്രൗണ്ടില്‍ ഇന്ന് ഡ്രോണ്‍ ഷോ നടക്കും. എന്‍ഡിഎ പുറത്തിറക്കുന്ന മാര്‍ഗ്ഗരേഖയിലെ പ്രധാന പ്രഖ്യാപനങ്ങള്‍ ഡ്രോണ്‍ ഷോയില്‍ ആകാശത്ത് തെളിയും. അഞ്ഞൂറിലധികം ഡ്രോണുകളാണ് ഷോയുടെ ഭാഗമാകുന്നത്.