ചെയ്തിരുന്നത് ടോയ്‌ലെറ്റ് കഴുകുന്ന ജോലി; ഇപ്പോള്‍ രാജ്യത്തിന്റെ തലവര തീരുമാനിക്കുന്നത് ഈ 35കാരന്‍
ലാഹോര്‍: നയതന്ത്ര ലോകത്തെ ചില ഇടപെടലുകളാണ് പലപ്പോഴും ഒരു രാജ്യത്തിന്റെ ഭാവി തീരുമാനിക്കുന്നത്. വലിയ പശ്ചാത്തലങ്ങളില്‍ നിന്ന് വരുന്ന ഉദ്യോഗസ്ഥരാണ് ഇത്തരം സ്ഥാനങ്ങളില്‍ എത്താറുള്ളത്. എന്നാല്‍ നമ്മുടെ അയല്‍രാജ്യമായ പാകിസ്ഥാനില്‍ ഇക്കാര്യം ചെയ്യുന്നത് ഒരു 35കാരനാണ്. ബിലാല്‍ ബിന്‍ സാഖിബ് എന്നാണ് ആ യുവാവിന്റെ പേര്. ആയുധങ്ങളും ചര്‍ച്ചകളുമല്ല മറിച്ച് ബിറ്റ്‌കോയിനും ഡിപ്ലോമസിയുമാണ് ബിലാലിന്റെ തന്ത്രം. അതുകൊണ്ട് തന്നെ ക്രിപ്‌റ്റോ ബ്രോ എന്നൊരു വിളിപ്പേരുമുണ്ട് ഇദ്ദേഹത്തിന്.
അത്ര നിസാരക്കാരനല്ല ബിലാല്‍ ബിന്‍ സാഖിബ് എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. പാക് പ്രധാനമന്ത്രി, സൈനിക മേധാവി എന്നിവരും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള ഇടപാടുകളുടെ രഹസ്യപ്പാലത്തിലെ പ്രധാന കണ്ണിയാണ് ബിലാല്‍. ഷഹബാസ് ഷെരീഫ്, അസിം മുനീര്‍, ഡൊണാള്‍ഡ് ട്രംപ് എന്നിവരുടെ അടുത്ത വൃത്തങ്ങളുമായി സുപ്രധാന ബന്ധമുണ്ട് ബിലാലിന്. പാകിസ്ഥാനിലെ ലാഹോര്‍ സ്വദേശിയായ യുവാവ് ലണ്ടനില്‍ പഠിക്കുന്ന കാലത്ത് ടോയ്‌ലെറ്റ് കഴുകി വൃത്തിയാക്കുന്ന ജോലി ഉള്‍പ്പെടെ ചെയ്തിട്ടുണ്ട്.
ലണ്ടനിലെ കോളേജ് ഓഫ് എക്കണോമിക്‌സില്‍ പഠിക്കുമ്പോള്‍ പഠനച്ചെലവിനും മറ്റുമായി മൂന്ന് ജോലികള്‍ വരെ ചെയ്തിരുന്നു ഇയാള്‍. അവിടെ നിന്നാണ് ഇന്ന് പാകിസ്ഥാന്റെ നിലനില്‍പ്പിനെയും ഭാവിയേയും തീരുമാനിക്കുന്ന പദവിയിലേക്ക് എത്തിപ്പെട്ടത്. പഠനശേഷം സാമൂഹ്യപ്രവര്‍ത്തനത്തിലേക്ക് തിരിഞ്ഞ ബിലാല്‍, ശുദ്ധജല വിതരണത്തിനായി ഒരു ചാരിറ്റി സ്ഥാപിച്ചു. കൊവിഡ് കാലത്ത് ഭക്ഷണമെത്തിക്കാനുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനം അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെയും ബ്രിട്ടീഷ് രാജകുടുംബത്തിന്റെയും പ്രശംസ പിടിച്ചുപറ്റിയിരുന്നു.
2017ല്‍ ബിറ്റ്കോയിന്‍ കുതിച്ചുയര്‍ന്നപ്പോഴാണ് ബിലാല്‍ ക്രിപ്റ്റോ ലോകത്തേക്ക് വരുന്നത്. 2025-ല്‍ പാകിസ്ഥാന്‍ സര്‍ക്കാര്‍ ഇദ്ദേഹത്തെ ക്രിപ്റ്റോ കൗണ്‍സിലിന്റെ തലവനായി നിയമിച്ചു. അതോടെയാണ് കാര്യങ്ങള്‍ മാറുന്നത്. ട്രംപിന്റെ സ്വന്തം ക്രിപ്റ്റോ പ്ലാറ്റ്‌ഫോമായ 'വേള്‍ഡ് ലിബര്‍ട്ടി ഫിനാന്‍ഷ്യലിന്റെ' സിഇഒ സക്കറി വിറ്റ്‌കോഫിനെ ഇസ്ലാമാബാദിലെത്തിക്കാനും പ്രധാനമന്ത്രിയുമായും സൈനിക മേധാവിയുമായും കൂടിക്കാഴ്ച നടത്തിക്കാനും ബിലാലിന് കഴിഞ്ഞു.
അമേരിക്കയുമായി പിന്നീട് ബിലാലിന്റെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ച പാകിസ്ഥാന് വലിയ നേട്ടമാണുണ്ടാക്കിയത്. ഫലമായി പാകിസ്ഥാന്റെ കയറ്റുമതി സാധനങ്ങള്‍ക്കുള്ള അമേരിക്കന്‍ നികുതി 19 ശതമാനമായി കുറച്ചു. മറ്റ് പല രാജ്യങ്ങള്‍ക്കും വലിയ നികുതി ചുമത്തുമ്പോഴാണ് ട്രംപ് ഭരണകൂടത്തിലെ ബന്ധങ്ങള്‍ ഉപയോഗിച്ച് ബിലാല്‍ ഈ നേട്ടം പാകിസ്ഥാന് സ്വന്തമാക്കിക്കൊടുത്തത്.