15കാരന്റെ താണ്ഡവം, ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തോല്‍വിയോടെ തുടക്കം; റോയലായി രാജസ്ഥാന്

Monday 30 March 2026 10:39 PM IST

ഗുവാഹത്തി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സീസണില്‍ തോല്‍വിയോടെ തുടങ്ങി സഞ്ജു സാംസണിന്റെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. മലയാളി താരത്തിന്റെ മുന്‍ ടീമായ രാജസ്ഥാന്‍ റോയല്‍സ് 8 വിക്കറ്റുകള്‍ക്കാണ് ചെന്നൈയെ പരാജയപ്പെടുത്തിയത്. സിഎസ്‌കെ ഉയര്‍ത്തിയ 128 റണ്‍സ് വിജയലക്ഷ്യം, 12.1 ഓവറില്‍ 2 വിക്കറ്റുകള്‍ മാത്രം നഷ്ടത്തിലാണ് റോയല്‍സ് മറികടന്നത്. ബാറ്റിംഗില്‍ വെറും ആറ് റണ്‍സ് മാത്രം നേടി സഞ്ജു പുറത്തായത് ആരാധകര്‍ക്ക് നിരാശയാണ് സമ്മാനിച്ചത്.

ചെറിയ വിജയലക്ഷ്യം പിന്തുടര്‍ന്ന റോയല്‍സിന് മികച്ച തുടക്കമാണ് കൗമാര താരം വൈഭവ് സൂര്യവംശി സമ്മാനിച്ചത്. 17 പന്തുകളില്‍ നിന്ന് നാല് ഫോറും അഞ്ച് സിക്‌സറുകളും സഹിതം 52 റണ്‍സ് നേടിയാണ് വൈഭവ് പുറത്തായത്. ഒന്നാം വിക്കറ്റില്‍ യശസ്വി ജയ്‌സ്‌വാളിനൊപ്പം 38 പന്തുകളില്‍ നിന്ന് 75 റണ്‍സ് കൂട്ടുകെട്ടിലും വൈഭവ് പങ്കാളിയായി. പേസര്‍ അന്‍ഷുല്‍ കാംബോജ് ആണ് വൈഭവിനെ പുറത്താക്കിയത്. വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുരേല്‍ 18(9) റണ്‍സെടുത്ത് പുറത്തായി. യശസ്വി ജയ്‌സ്‌വാള്‍ 38*(36), ക്യാപ്റ്റന്‍ റിയാന്‍ പരാഗ് 14*(11) എന്നിവര്‍ പുറത്താകാതെ നിന്നു.

ആദ്യം ബാറ്റ് ചെയ്ത ചെന്നൈക്ക് 19.4 ഓവറില്‍ 127 റണ്‍സ് മാത്രമെ നേടാനായുള്ളൂ. എട്ടാമനായി ക്രീസിലെത്തിയ ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ജേമി ഓവര്‍ടണ്‍ നേടിയ 43(36) റണ്‍സാണ് സിഎസ്‌കെയുടെ സ്‌കോര്‍ മൂന്നക്കം കടത്തിയത്.

സഞ്ജു സാംസണ്‍ 6(7), ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദ് 6(11), ആയുഷ് മാത്രെ 0(1) എന്നിവര്‍ പെട്ടെന്ന് പുറത്തായപ്പോള്‍ സ്‌കോര്‍ 19ന് മൂന്ന്. ഈ ഘട്ടത്തില്‍ ഇംപാക്ട് സബ് ആയി സര്‍ഫറാസ് ഖാനെ സിഎസ്‌കെ കളത്തിലിറക്കുകയായിരുന്നു. 17(12) റണ്‍സാണ് താരത്തിന് നേടാനായത്. മാത്യു ഷോര്‍ട്ട് 2(7), കാര്‍തിക് ശര്‍മ്മ 18(15), ശിവം ദൂബെ 6(4) എന്നിവരും നിരാശപ്പെടുത്തി. നൂര്‍ അഹമ്മദ് 1(9), മാറ്റ് ഹെന്റി 5(7) എന്നിങ്ങനെയാണ് പുറത്തായ മറ്റ് ബാറ്റര്‍മാരുടെ സ്‌കോറുകള്‍. അന്‍ഷുല്‍ കാംബോജ് 7*(10) പുറത്താകാതെ നിന്നു.

ചെന്നൈക്കായി സഞ്ജുവിന് തിളങ്ങാനായില്ലെങ്കിലും ചെന്നൈ വിട്ട് തന്റെ ആദ്യ ഐപിഎല്‍ ടീമായ രാജസ്ഥാനിലേക്ക് മടങ്ങിയ രവീന്ദ്ര ജഡേജ ബൗളിംഗില്‍ തിളങ്ങി. മൂന്നോവറില്‍ 18 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. ജോഫ്ര ആര്‍ച്ചര്‍, നാന്ദ്രെ ബര്‍ഗര്‍ എന്നിവരും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ബ്രിജേഷ് ശര്‍മ്മ, സന്ദീപ് ശര്‍മ്മ, രവി ബിഷ്ണോയി എന്നിവര്‍ക്ക് ഓരോ വിക്കറ്റ് വീതം ലഭിച്ചു.