പൊന്നാനിയിൽ കണ്ണുനട്ട് ഇടത്,​ വലത് മുന്നണികൾ

Tuesday 31 March 2026 12:41 AM IST
എം.​കെ.​സ​ക്കീ​ർ പെരുംമ്പടപ്പ് പുത്തൻ പള്ളിയിൽ പര്യടനം നടത്തുന്നു.

പൊന്നാനി: രണ്ടുപതിറ്റാണ്ടായി കൂടെയുള്ള മണ്ഡലം നിലനിറുത്താൻ എൽ.ഡി.എഫും പിടിച്ചെടുക്കാൻ യു.ഡി.എഫും വോട്ടുവിഹിതം ഉയർത്താൻ എൻ.ഡി.എയും കച്ചമുറുക്കിയതോടെ പൊന്നാനി പോരിന് ഇത്തവണ വീറുംവാശിയും ഏറെ. പ്രചാരണം രണ്ടാംഘട്ടത്തിൽ എത്തിയതോടെ മത്സരം കടുപ്പിക്കാൻ മൂന്ന് മുന്നണികൾക്കും കഴിഞ്ഞിട്ടുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിലെ മുന്നേറ്റം നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കുമെന്നാണ് യു.ഡി.എഫിന്റെ വിലയിരുത്തൽ. അതേസമയം പൊന്നാനി നഗരസഭയിൽ ഇടതുമുന്നണി ഭരണം നിലനിറുത്തിയ പശ്ചാത്തലത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥി കെ.പി.നൗഷാദ് അലി തീരദേശം കേന്ദ്രീകരിച്ച് പ്രചാരണം സജീവമാക്കിയിട്ടുണ്ട്. എം.പി.ഗംഗാദരൻ ഫൗണ്ടേഷന്റെ ഭാഗമായി നൗഷാദലി നേരത്തെ തന്നെ തീരദേശം കേന്ദ്രീകരിച്ച് വിവിധ ക്ഷേമപ്രവർത്തനങ്ങളുമായി രംഗത്തുണ്ട്.

മറുഭാഗത്ത് വർഷങ്ങളായി തീരദേശം തങ്ങൾക്കൊപ്പം ആണെന്ന ആത്മവിശ്വാസം പൊന്നാനിയിൽ ഇടതുമുന്നണിക്കുണ്ട്. കൂടാതെ തീരദേശം കേന്ദ്രീകരിച്ചു നടത്തിയ പ്രവർത്തനങ്ങൾ പ്രത്യേകിച്ചും കടൽഭിത്തി, പുനർഗേഹം പോലെയുള്ള പദ്ധതികൾ പൊന്നാനിയിലെ ജനങ്ങളിൽ പ്രത്യേകിച്ചും തീരദേശത്തു മേൽകൈ നൽകുമെന്നാണ് എൽ.‌ഡി.എഫിന്റെ കണക്കുകൂട്ടൽ. ടി.എം.സിദ്ധിഖിനെ സ്ഥാനാർത്ഥി ആക്കാത്തതുമായി ബന്ധപ്പെട്ട് തുടക്കത്തിൽ ഉണ്ടായിരുന്ന ചില അമർഷങ്ങൾ ഇപ്പോൾ കെട്ടടങ്ങിയ മട്ടാണ്. എന്നാൽ അടിയൊഴുക്കുകൾ ഏത് രീതിയിൽ മാറ്റം ഉണ്ടാകുമെന്ന് പ്രവചിക്കാൻ കഴിയില്ല. കഴിഞ്ഞ തവണയും ടി.എം.സിദ്ധിഖിന്റെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് വലിയപ്രതിഷേധം പരസ്യമായി പൊന്നാനിയിൽ അരങ്ങേറിയിരുന്നു. എന്നാൽ അന്ന് 17,​000ത്തിലധികം വോട്ടിന്റെ ഭൂരിപക്ഷം നേടിയാണ് എൽ.ഡി.എഫ് പൊന്നാനിയിൽ വിജയിച്ചത്. ഇത്തവണ അത്രയധികം പ്രതിഷേധമില്ലെന്ന വിലയിരുത്തൽ ഇടതുപക്ഷ നേതാക്കൾക്കുണ്ട്. കൂടാതെ എല്ലാവിഭാഗം ജനങ്ങളുമായും മികച്ച ബന്ധം പുലർത്തുന്ന എം.കെ.സക്കീർ കൃത്യമായ പാർട്ടി ഏകോപനത്തിലുള്ള പ്രചാരണം വഴി വിജയിക്കുമെന്ന കണക്കുകൂട്ടലിലാണ് എൽ.ഡി.എഫ്. മത്സരം കടുത്ത പശ്ചാത്തലത്തിൽ മറ്റ് ചെറുപാർട്ടികളുടെ നിലപാടും വോട്ടും തിരഞ്ഞെടുപ്പ് വിധിയെ സ്വാധീനിക്കും.