മാസപ്പടി രേഖകൾ കൈമാറുന്നതിന് വിലക്ക് തുടരും

Tuesday 31 March 2026 12:00 AM IST

കൊച്ചി: മാസപ്പടി കേസിൽ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (എസ്.എഫ്.ഐ.ഒ) അന്വേഷണ സംഘം എറണാകുളം അഡിഷണൽ സെഷൻസ് കോടതിയിൽ സമർപ്പിച്ച രേഖകൾ ബി.ജെ.പി നേതാവ് ഷോൺ ജോർജിന് കൈമാറുന്നതിനുള്ള വിലക്ക് തുടരും. രണ്ടാംപ്രതിയായ ആലുവ സ്വദേശി പി. സുരേഷ്‌കുമാറിന്റെ ഹർജിയുടെ അടിസ്ഥാനത്തിൽ രേഖകൾ കൈമാറുന്നത് തടഞ്ഞുകൊണ്ടുള്ള ഇടക്കാല ഉത്തരവ് ഹൈക്കോടതി മേയ് 21വരെ നീട്ടി. ജസ്റ്റിസ് സി.എസ്. ഡയസിന്റെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.

മുഖ്യമന്ത്രിയുടെ മകൾ, ഇല്ലാത്ത സേവനത്തിന് സി.എം.ആർ.എൽ കമ്പനിയിൽ നിന്ന് പ്രതിഫലം പറ്റിയെന്ന ആരോപണമാണ് എസ്.എഫ്.ഐ.ഒ അന്വേഷിച്ചത്. കുറ്റപത്രത്തോടൊപ്പമുള്ള കേസ് ഡയറിയടക്കം 775 പേജുകളുള്ള രേഖകൾ ആവശ്യപ്പെട്ട് ഷോൺ ജോർജ് സെഷൻസ് കോടതിയെ സമീപിച്ചിരുന്നു. ഇതിൽ കഴിഞ്ഞദിവസം അനുകൂല ഉത്തരവുണ്ടായി. എന്നാൽ രേഖകൾ കൈമാറൽ ഹൈക്കോടതിയുടെ തീർപ്പിന് വിധേയമായിരിക്കും. തന്റെ പരാതിയിലാണ് അന്വേഷണം വന്നതെന്നാണ് ഷോൺ ജോർജിന്റെ വാദം.