എസ്.ഡി.പി.ഐയുമായി ചർച്ച നടത്തിയിട്ടില്ല: എം.എ.ബേബി

Tuesday 31 March 2026 12:25 AM IST

കോഴിക്കോട്: എസ്.ഡി.പി.ഐയുമായി യാതൊരു രാഷ്ട്രീയചർച്ചയും നടത്തിയിട്ടില്ലെന്നും വോട്ട് നൽകുന്നത് അവരുടെ ഇഷ്ടമാണെന്നും സി.പി.എം ജനറൽ സെക്രട്ടറി എം.എ.ബേബി. കാലിക്കറ്റ് പ്രസ് ക്ലബ് സംഘടിപ്പിച്ച മുഖാമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എസ്.ഡി.പി.ഐ അവരുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് എങ്ങനെ വോട്ട് ചെയ്യണമെന്ന് തീരുമാനിക്കുന്നത്. അതിനെ തടസപ്പെടുത്താൻ സാധിക്കുമോ? സി.പി.എമ്മിനെ സഹായിക്കാൻ ഇതുവരെ പാർട്ടി ആവശ്യപ്പെട്ടിട്ടില്ല. വോട്ട് എങ്ങനെ ചെയ്യണമെന്നത് സംബന്ധിച്ച് അവരുടെ അഭിപ്രായം പറയട്ടെ. അതിനനുസരിച്ച് പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു.

എസ്‍.ഡി.പി.ഐ അവരുടെ പ്രവർത്തനശൈലി തിരുത്തണം. ആർ.എസ്.എസിന്റെ ഫാസിസ്റ്റ് സ്വഭാവത്തിലുള്ള വർഗീയ പ്രവർത്തനങ്ങൾക്ക് ന്യായീകരണം കൊടുക്കുന്ന വിധത്തിലാണ് അവരുടെ പ്രവർത്തനങ്ങൾ. നേമത്ത് ബി.ജെ.പിയെ പരാജയപ്പെടുത്താൻ ആഗ്രഹിക്കുന്ന എല്ലാ വോട്ടുകളും എൽ.ഡി.എഫ് സ്വീകരിക്കും. ജമാഅത്തെ ഇസ്ലാമിയുടെ സിദ്ധാന്തം അപകടകരമാണ്. മതരാഷ്ട്ര വാദത്തിൽ അവർ ഇന്നും ഉറച്ചുനിൽക്കുന്നു. യഥാർത്ഥ ഇടതുപക്ഷം തങ്ങളാണെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറയുന്നത്. ഇടതുപക്ഷ രാഷ്ട്രീയത്തിനുള്ള അംഗീകാരമാണത്. കേരളത്തിൽ ഇടതുപക്ഷത്തിന് മാത്രമാണ് പ്രസക്തിയെന്നും അങ്ങനെയല്ലാതെ ജനങ്ങൾക്കിടയിൽ സ്വീകാര്യത ലഭിക്കില്ലെന്നും അവർക്കറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.