ആലുങ്കൽ - വടക്കേത്തറ റോഡ്, നടുവൊടിക്കും ഈ രണ്ടു കിലോമീറ്റർ

Tuesday 31 March 2026 12:32 AM IST

നാരങ്ങാനം : നാരങ്ങാനം പഞ്ചായത്ത് നാലാം വാർഡിലെ രണ്ടുകിലോമീറ്റർ മാത്രം നീളമുള്ള ആലുങ്കൽ - വടക്കേത്തറ റോഡ് നാടിന് ശാപമായിട്ട് നാളുകളേറെയായി. ടാറിംഗ് ഇളകി വലിയ കുഴികൾ രൂപപ്പെട്ടതിനാൽ വാഹനയാത്ര ദുഷ്കരമാണ്. ഇരുചക്രവാഹനയാത്രികരാണ് ഏറെ ദുരിതം അനുഭവിക്കുന്നത്. മഴ പെയ്താൽ റോഡും കുഴിയും തിരിച്ചറിയാൻ കഴിയാത്ത അവസ്ഥ. തകർച്ചയ്ക്കൊപ്പം വളവും കയറ്റവും അപകടത്തിന് കാരണമാകുന്നു. നിരവധിയാളുകൾ ദിവസവും ഉപയോഗിക്കുന്ന റോഡായിട്ടും അറ്റകുറ്റപ്പണികൾ നടന്നിട്ട് വർഷങ്ങളായി.

വില്ലേജ് ഓഫീസ്, മൃഗാശുപത്രി, കൃഷി ഭവൻ, ഹോമിയോ ആശുപത്രി, ആയൂർവേദ ആശുപത്രി, അങ്കണവാടി തുടങ്ങിയയിടങ്ങളിലേക്കുള്ള പാത.

ടെൻഡറായി, പണി ഉടൻ

ആലുങ്കൽ - വടക്കേത്തറ റോഡ് നവീകരണ പദ്ധതിയുടെ ടെൻഡർ നടപടികൾ പൂർത്തീകരിച്ചിരുന്നു. എന്നാൽ തുടർച്ചയായി വന്ന തദ്ദേശ - നിയമസഭ തിരഞ്ഞെടുപ്പുകൾ കാരണം പണികൾ തുടങ്ങാനായില്ലെന്നാണ് പഞ്ചായത്ത് അധികൃതർ നൽകുന്ന വിശദീകരണം. പദ്ധതിക്കായി ഇരുപത് ലക്ഷം രൂപയുടെ എസ്റ്റിമേറ്റാണ് ജില്ലാപഞ്ചായത്ത് തയ്യാറാക്കിയിട്ടുള്ളത്.

നവീകരണത്തിന് ചെലവിടുന്നത് : 20 ലക്ഷം രൂപ

റോഡിന്റെ നീളം : 2 കിലോമീറ്റർ

കുറേക്കാലമായി റോഡ് തകർച്ചയിലാണ്. ഇപ്പോൾ ടെൻഡറായി. തിരഞ്ഞെടുപ്പിന് ശേഷം നിർമ്മാണം ആരംഭിക്കും.

മനോജ്

നാരങ്ങാനം പഞ്ചായത്ത് നാലാം വാർഡ് അംഗം