സ്വർണം കട്ടവനാരപ്പാ, ജനത്തെ ഇളക്കിമറിച്ച് രാഹുൽ ഗാന്ധി

Tuesday 31 March 2026 12:34 AM IST

പത്തനംതിട്ട/ അടൂർ: 'സ്വർണം കട്ടവനാരപ്പാ... " എന്ന വിവാദഗാനത്തിന്റെ ആദ്യവരികൾ രാഹുൽ ഗാന്ധി ആലപിച്ചതോടെ സദസ് ഇളകി മറിഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം പത്തനംതിട്ട ടൗണിൽ നടന്ന പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ.

ശബരിമല സ്വർണക്കൊള്ള കേസിൽ പ്രധാനമന്ത്രി നരേന്ദ്രമോദി സി.പി.എം നേതാക്കളെ സംരക്ഷിക്കാൻ ശ്രമിക്കുന്നുവെന്ന് രാഹുൽ ആരോപിച്ചു. മതങ്ങളെയും ക്ഷേത്രങ്ങളെയും കുറിച്ച് എപ്പോഴും സംസാരിക്കാറുള്ള പ്രധാനമന്ത്രി,​ കഴിഞ്ഞദിവസം കേരളത്തിലെത്തിയപ്പോൾ ശബരിമല സ്വർണക്കൊള്ളയെപ്പറ്റി മിണ്ടിയില്ല. സ്വർണക്കൊള്ളയിൽ ബി.ജെ.പിയും എൽ.ഡി.എഫും ഒരു പക്ഷമാണ്. എൽ.ഡി.എഫിന്റെ താത്പര്യം സംരക്ഷിക്കാനാണ് കൊള്ളയെപ്പറ്റി മോദി മിണ്ടാതിരുന്നതെന്നും രാഹുൽ ആരോപിച്ചു.

തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം പത്തനംതിട്ട ജില്ലയിലെത്തിയ രാഹുൽ ഗാന്ധി,​ അടൂരിലും സംസാരിച്ചു. യു.ഡി.എഫ് സംസ്ഥാനത്ത് അധികാരത്തിൽ വന്നാൽ സ്വർണക്കൊള്ള നടത്തിയവരെ ശിക്ഷിക്കും. കേരളത്തിൽ എൽ.ഡി.എഫ് അധികാരത്തിൽ വരണമെന്നാണ് ബി.ജെ.പി ആഗ്രഹിക്കുന്നത്. ദേശീയ തലത്തിൽ വെല്ലുവിളിയാകുന്ന കോൺഗ്രസിനെ ഇല്ലാതാക്കുകയാണ് ബി.ജെ.പി ലക്ഷ്യം. മോദിയെ അമേരിക്കൻ പ്രസിഡന്റ് ട്രംപ് നിയന്ത്രിക്കുന്നതുപോലെ, പിണറായിയെ മോദി നിയന്ത്രിക്കുകയാണെന്നും രാഹുൽ പറഞ്ഞു. എം.പിമാരായ കൊടിക്കുന്നിൽ സുരേഷ്, അടൂർ പ്രകാശ്, ആന്റോ ആന്റണി, അടൂർ നിയമസഭാ മണ്ഡലം സ്ഥാനാർത്ഥി അഡ്വ. സി.വി.ശാന്തകുമാർ, ചെങ്ങന്നൂരിലെ സ്ഥാനാർത്ഥി എബി കുര്യാക്കോസ് തുടങ്ങിയവർ സംസാരിച്ചു. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവർ പങ്കെടുത്തു.