കോയമ്പത്തൂരിലെ ക്ഷേത്രദര്‍ശനത്തിന് ശേഷം പാലക്കാട് ഇറങ്ങി; പത്മനാഭന് ഭാഗ്യം വന്ന വഴി

Monday 30 March 2026 11:59 PM IST

മലപ്പുറം: സമ്മര്‍ ബമ്പറിന്റെ 10 കോടി രൂപയുടെ ഭാഗ്യശാലിയെ കണ്ടെത്തി. മലപ്പുറം പരപ്പനങ്ങാടി നെടുവ സ്വദേശി എന്‍ വി പത്മനാഭനാണ് കേരള ഭാഗ്യക്കുറിയുടെ സമ്മര്‍ ബമ്പറില്‍ ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. എന്‍ വി പത്മനാഭന്‍ പരപ്പനങ്ങാടി എസ്ബിഐ ബാങ്കിലെത്തി ടിക്കറ്റ് കൈമാറി.

സാധാരണയായി ലോട്ടറി എടുക്കുന്ന ശീലമുള്ളയാളല്ല താനെന്നും 'ബമ്പര്‍' ആയതുകൊണ്ട് മാത്രം എടുത്തതാണ് ടിക്കറ്റെന്നും പത്മനാഭന്‍ പറയുന്നു. ആ തീരുമാനം ജീവിതത്തില്‍ മറ്റൊരു വഴിത്തിരിവാകുമെന്നോ തനിക്ക് ഒന്നാം സമ്മാനം കിട്ടുമെന്നോ പത്മനാഭന്‍ പ്രതീക്ഷിച്ചിരുന്നില്ല. ഒരു ക്ഷേത്ര ദര്‍ശനത്തിന് പോയി മടങ്ങുമ്പോഴാണ് ഒന്നാം സമ്മാനത്തിന് അര്‍ഹമായ ടിക്കറ്റ് വാങ്ങിയത്. കഴിഞ്ഞ മാസം 26-ന് കോയമ്പത്തൂരിലെ ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങിവരുമ്പോഴാണ് പാലക്കാട് നിന്ന് പത്മനാഭന്‍ സമ്മാനര്‍ഹമായ ടിക്കറ്റ് എടുത്തത്.

എടുത്ത ടിക്കറ്റിന് സമ്മാനമുണ്ടെന്ന് ഇന്നലെയാണ് അറിഞ്ഞതെന്ന് പത്മനാഭന്‍ പറഞ്ഞു. പത്ത് കോടിയുടെ ഒന്നാം സമ്മാനം SB 517026 എന്ന നമ്പറിനാണ്. രണ്ടാം സമ്മാനം ഒരു കോടി രൂപ SE 660573 എന്ന നമ്പറും സ്വന്തമാക്കി. പരപ്പനങ്ങാടി സ്വദേശിയായ പത്മനാഭന്‍ സൂപ്പര്‍മാര്‍ക്കറ്റ് തൊഴിലാളിയാണ്.

കഴിഞ്ഞ എട്ടുവര്‍ഷമായി കോഴിച്ചെനയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലി ചെയ്തുവരികയാണ് പത്മനാഭന്‍. ചൊവ്വാഴ്ച രാവിലെയാണ് താനാണ് ആ കോടിപതിയെന്ന് പത്മനാഭന്‍ അറിയുന്നത്. ഭാര്യ സ്മിതയും പത്താംക്ലാസ് വിദ്യാര്‍ത്ഥി ശ്രീഹരിയും ഏഴാം ക്ലാസുകാരി പാര്‍വണയും അടങ്ങുന്നതാണ് പത്മനാഭന്റെ കുടുംബം. അപ്രതീക്ഷിതമായി തേടിയെത്തിയ ഭാഗ്യത്തിന്റെ സന്തോഷത്തിലാണ് കുടുംബം.