ട്രാൻ.ബസിന് നേരെ കാട്ടാനയുടെ ആക്രമണശ്രമം; യാത്രക്കാർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

Tuesday 31 March 2026 12:17 AM IST
അലിമുക്ക്-അച്ചൻകോവിൽ വന പാതയിലെ വളയം കളരി ഭാഗത്ത് വച്ച് കെ.എസ്.ആർ.ടി.സി ബസിനെ കാട്ടാനഅക്രമിക്കാൻ ശ്രമിക്കുന്നു

പത്തനാപുരം: അലിമുക്ക്-അച്ചൻകോവിൽ വനപാതയിലൂടെ ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി ബസിന് നേരെ കാട്ടാനയുടെ ആക്രമണശ്രമം. കൊമ്പനാനയുടെ കുത്തേറ്റ ബസിന്റെ ബോഡിക്ക് നിസാര കേടുപാടുകൾ സംഭവിച്ചു. ഇന്നലെ രാവിലെ 10.30-ഓടെ വനപാതയിലെ വളയംകളരി ഭാഗത്തായിരുന്നു സംഭവം. പുനലൂർ ഡിപ്പോയിൽ നിന്നും രാവിലെ 9-ന് സർവീസ് ആരംഭിച്ച് 11-ന് അച്ചൻകോവിലിൽ എത്തേണ്ട ബസിന് നേരെയാണ് ആക്രമണമുണ്ടായത്. കോടമല മുതൽ ആറ് കിലോമീറ്ററോളം ദൂരത്തിൽ കാട്ടാന റോഡിലൂടെ തന്നെ നടക്കുകയായിരുന്നുവെന്ന് കണ്ടക്ടർ ഉണ്ണികൃഷ്ണനും ഡ്രൈവർ ബിജുമോനും പറഞ്ഞു. ബസ് വരുന്നത് കണ്ടിട്ടും കൊമ്പൻ വഴിമാറാത്തതിനെ തുടർന്ന് ഡ്രൈവർ വണ്ടി നിർത്തുകയായിരുന്നു.എന്നാൽ അപ്രതീക്ഷിതമായി ആന ബസിന് നേരെ പാഞ്ഞടുക്കുകയും ആക്രമിക്കാൻ മുതിരുകയുമായിരുന്നു. ബസ് നിറയെ ഉണ്ടായിരുന്ന സർക്കാർ ജീവനക്കാർ അടക്കമുള്ള യാത്രക്കാർ കൂട്ടത്തോടെ നിലവിളിച്ചതോടെയാണ് കാട്ടാന ആക്രമണശ്രമം ഉപേക്ഷിച്ച് ബസിന്റെ സൈഡിലൂടെ നടന്നുനീങ്ങിയത്. പകൽസമയത്തടക്കം അലിമുക്ക്-അച്ചൻകോവിൽ വനപാതയിൽ കാട്ടാനകൾ കൂട്ടത്തോടെ ഇറങ്ങിനിൽക്കുന്നത് പതിവ് സംഭവമാണെങ്കിലും, ബസിന് നേരെ ഇത്തരമൊരു ആക്രമണശ്രമം ആദ്യമായാണെന്ന് യാത്രക്കാർ പറഞ്ഞു.