എഫ്.സി.ആർ.എ: മോദിക്ക് കത്തയച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: എഫ്.സി.ആർ.എ ഭേദഗതിയിൽ നിന്ന് കേന്ദ്ര സർക്കാർ പിന്തിരിയണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.
വിദേശ സംഭാവന സ്വീകരിക്കൽ നിയന്ത്രണ നിയമഭേദഗതിയിലെ ചില വ്യവസ്ഥകൾ രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിലും വിവിധ മതവിഭാഗങ്ങൾ നടത്തുന്ന ധർമ്മസ്ഥാപനങ്ങൾക്കിടയിലും വലിയ ആശങ്ക ഉയർത്തിയിരിക്കുകയാണെന്ന് കത്തിൽ ചൂണ്ടിക്കാട്ടി.
നിയമപ്രകാരം അനുമതി പുതുക്കുന്നതിനുള്ള അപേക്ഷ നിരസിക്കപ്പെട്ടാലോ, കാലാവധിക്കുള്ളിൽ പുതുക്കൽ ലഭ്യമാകാതെയായാലോ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് റദ്ദാക്കിയതായി കണക്കാക്കുമെന്നതാണ് പുതിയ വ്യവസ്ഥ. ഇത്തരം സാഹചര്യങ്ങളിൽ വിദേശ സംഭാവനകളും ആസ്തികളും കേന്ദ്രം നിർണയിക്കുന്ന അതോറിറ്റിയുടെ നിയന്ത്രണത്തിലേക്ക് പോകും.
ഭേദഗതിപ്രകാരം, തികച്ചും സാങ്കേതിക കാരണങ്ങൾ കൊണ്ടുപോലും രജിസ്‌ട്രേഷൻ റദ്ദാക്കപ്പെടുകയും ആസ്തികൾ ഏറ്റെടുക്കപ്പെടുകയും ചെയ്യുന്ന അവസ്ഥയുണ്ടാകും. മതന്യൂനപക്ഷങ്ങളുടെ ആരാധനാലയങ്ങൾക്കെതിരെ നടക്കുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ഈ ആശങ്കകൾ യുക്തിസഹവും ഗൗരവമുള്ളതുമാണെന്നും ചൂണ്ടിക്കാട്ടി.