കൊല്ലത്ത് ആവേശമായി മുഖ്യമന്ത്രി

Tuesday 31 March 2026 12:47 AM IST

കൊല്ലം: ജില്ലയിലെ വോട്ട് കോട്ടകളിൽ ചോർച്ച ഉണ്ടാവാതിരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തിയത് അണികളിൽ ആവേശമായി. നാല് സിറ്റിംഗ് സീറ്റുകളിലായിരുന്നു ഇന്നലെ മുഖ്യമന്ത്രിയുടെ പര്യടനം. ഇതിൽ കൊട്ടാരക്കരയും ചടയമംഗലവും മന്ത്രിമാർ നേരിട്ട് ജനവിധി തേടുന്ന മണ്ഡലങ്ങളാണ്.

മത്സരത്തിന് കടുപ്പം കൂടിവരുന്ന കൊല്ലത്തും ചവറയിലും പ്രത്യേക ശ്രദ്ധചെലുത്തിയായിരുന്നു മുഖ്യമന്ത്രിയുടെ പൊതുസമ്മേളനം. നാല് മണ്ഡലങ്ങളിലാണ് പങ്കെടുത്തതെങ്കിലും എല്ലാ മണ്ഡലങ്ങളിലും 'ക്യാപ്ടൻ' ഇഫക്ട് പ്രകടമായി. രാവിലെ കൊല്ലം ബീച്ച് ഓർക്കിഡ് ഹോട്ടലിൽ വാർത്താസമ്മേളനത്തിന് ശേഷം പതിനൊന്ന് മണിയോടെ ചവറ മണ്ഡലത്തിലെ ഇടപ്പള്ളിക്കോട്ടയിലേക്ക് എത്തി. ഇടത് സ്ഥാനാ‌ർത്ഥി ഡോ.സുജിത് വിജയൻ പിള്ളയുടെ തിരഞ്ഞെടുപ്പ് പ്രചരണ യോഗം ഉദ്ഘാടനം ചെയ്യുന്നത് മുഖ്യമന്ത്രിയായതിനാൽ വലിയ ജനക്കൂട്ടമാണ് നേരത്തേതന്നെ എത്തിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആർ.ലതാദേവിയും സ്ഥാനാർത്ഥി ഡോ.സുജിത് വിജയൻപിള്ളയും സംസാരിച്ച ശേഷം മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഗോപൻ സംസാരിച്ചു നിൽക്കെയായിരുന്നു മുഖ്യമന്ത്രിയുടെ വരവ്.

തുടർ ഭരണത്തിന്റെ ആവശ്യകതയും സാദ്ധ്യതയും അക്കമിട്ട് നിരത്തുമ്പോഴും പ്രതിപക്ഷത്തെയും കേന്ദ്ര സർക്കാരിനെയും കണക്കിന് വിമർശിക്കാനും മുഖ്യമന്ത്രി മടിച്ചില്ല. വൈകിട്ട് കൊല്ലം മണ്ഡലത്തിലെ അഞ്ചാലുംമൂട്ടിലായിരുന്നു രണ്ടാമത്തെ പൊതുയോഗം. കൃത്യമായ പ്ളാനിംഗിന്റെയും പ്രവർത്തനത്തിന്റെയും മികവ് അവിടെ ആളെണ്ണത്തിൽ പ്രകടമായി.

കൊട്ടാരക്കര റെയിൽവേ സ്റ്റേഷൻ കവലയിലെ അമ്പലക്കര ഗ്രൗണ്ടിലാണ് കൊട്ടാരക്കര മണ്ഡലത്തിന്റെ തിരഞ്ഞെടുപ്പ് പൊതുയോഗം സംഘടിപ്പിച്ചത്. ജില്ലയിലെ ഏറ്റവും ശ്രദ്ധേയ പോരാട്ടം നടക്കുന്ന മണ്ഡലമെന്ന നിലയിൽ കൊട്ടാരക്കരയിൽ ഇടത് പാർട്ടി പ്രവർ‌ത്തകരും അനുഭാവികളുമായി വലിയ ആൾക്കൂട്ടം സമ്മേളന നഗരിയിലെത്തി. അവസരവാദ രാഷ്ട്രീയത്തിന് ശക്തമായ വാക്കുകളാൽ താക്കീത് നൽകിക്കൊണ്ടായിരുന്നു പിണറായി വിജയന്റെ പ്രസംഗം. ധനകാര്യ വകുപ്പ് മന്ത്രിയെന്ന നിലയിൽ കെ.എൻ.ബാലഗോപാലിന്റെ മികവുകൾ എടുത്ത് പറഞ്ഞുകൊണ്ടാണ് സർക്കാരിന്റെ നേട്ടങ്ങൾ അദ്ദേഹം വ്യക്തമാക്കിയത്. മന്ത്രി ജെ.ചിഞ്ചുറാണി മത്സരിക്കുന്ന ചടയമംഗലം മണ്ഡലത്തിലെ കടയ്ക്കലിലായിരുന്നു നാലാമത് സമ്മേളനം. സി.പി.ഐയ്ക്കുള്ളിൽ നേരത്തേ ഉണ്ടായിരുന്ന ഭിന്നതകൾ തിരഞ്ഞെടുപ്പ് രംഗത്ത് പ്രകടമാകുമെന്ന ആശങ്കകൾ അകറ്റിക്കൊണ്ടാണ് ഇവിടെയും ജനസഞ്ചയം എത്തിയത്.