വോട്ടു പിടിക്കാൻ ഒപ്പം നടന്ന്...
കൊല്ലം: തിരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിലേക്ക് കടക്കവേ, മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികൾക്കൊപ്പം സജീവമായി ഭാര്യമാരും രംഗത്തുണ്ട്. വോട്ടർമാരെ നേരിൽ കണ്ട് പിന്തുണ അഭ്യർത്ഥിക്കുന്നതിലും പ്രചാരണ പരിപാടികൾ ആസൂത്രണം ചെയ്യുന്നതിലും ഇവരുടെ പിന്തുണ ചെറുതല്ല.
കൊട്ടാരക്കരയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.എൻ. ബാലഗോപാലിന്റെ ഭാര്യ ഔദ്യോഗിക ജോലി തിരക്കുകൾക്കിടയിലും പ്രചാരണ പ്രവർത്തനങ്ങളിലുണ്ട്. കുണ്ടറയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി പി.സി. വിഷ്ണുനാഥിന്റെയും ചാത്തന്നൂരിലെ എൻ.ഡി.എ സ്ഥാനാർത്ഥി ബി.ബി. ഗോപകുമാറിന്റെയും ഭാര്യമാർ പ്രചാരണ രംഗത്ത് നിറഞ്ഞുനിൽക്കുന്നു. വീടുകൾ കയറിയും അയൽക്കൂട്ടങ്ങളിലും കുടുംബയോഗങ്ങളിലും പങ്കെടുത്തും സജീവമായി നീങ്ങുന്നു. റോഡ് ഷോകളിലും ഇവർ സാന്നിദ്ധ്യമാണ്. തിരഞ്ഞെടുപ്പ് അടുത്തതോടെ സ്ഥാനാർത്ഥികളുടെയും കുടുംബത്തിന്റെയും ദൈനംദിന ടൈം ടേബിൾ തന്നെ മാറിമറിഞ്ഞു. പുലർച്ചെ മുതൽ അർദ്ധരാത്രി വരെ നീളുന്ന തിരക്കുകൾ. വീട്ടുജോലികളും കുടുംബ ഉത്തരവാദിത്വങ്ങളും ഒതുക്കിവച്ച് പ്രചാരണത്തിന്റെ ഭാഗമാകാനാണ് ഓരോരുത്തരും ശ്രമിക്കുന്നത്.
പ്രചരണരംഗത്ത് സജീവമാണ്. ഞാനും മോളും പങ്കെടുക്കാറുണ്ട്. വലിയ നിലയിൽ അല്ലെങ്കിൽ പോലും തിരക്കുകൾ ജീവിതത്തിൽ ശീലമായിക്കഴിഞ്ഞു
കനക ഹമ, എഴുത്തുകാരി (യു.ഡി.എഫ് സ്ഥാനാർത്ഥി പി.സി. വിഷ്ണുനാഥിന്റെ ഭാര്യ)
ജോലി തിരക്കുകളിൽ ആയതിനാൽ നിലവിൽ പ്രചരണ രംഗത്ത് സജീവമല്ല. എന്നാൽ സംഘടന പ്രവർത്തനങ്ങളുമായി തിരഞ്ഞെടുപ്പിൽ സജീവമാണ്. ഈ മാസം 31 ന് ശേഷം പ്രചരണ രംഗത്ത് സജീവമാകും.
ആശ പ്രഭാകരൻ, അദ്ധ്യാപിക (എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.എൻ.ബാലഗോപാലിന്റെ ഭാര്യ)
തിരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട് സജീവമായി രംഗത്തുണ്ട്. വോട്ടർമാരുടെ വീടുകൾ കയറിയും കുടുംബയോഗങ്ങളിലും തിരഞ്ഞെടുപ്പ് കൺവെൻഷനുകളിലും പങ്കെടുക്കുന്നുണ്ട്
സീജ എസ്.ആനന്ദ് (എൻ.ഡി.എ സ്ഥാനാർത്ഥി ബി.ബി. ഗോപകുമാറിന്റെ ഭാര്യ)