വിഷു - ഈസ്റ്റർ ഫെയർ ഏപ്രിൽ 1 മുതൽ

Tuesday 31 March 2026 2:03 AM IST

തിരുവനന്തപുരം: സപ്ലൈകോ ഈസ്റ്റർ - വിഷു ഫെയറുകൾ ഏപ്രിൽ ഒന്നു മുതൽ 14 വരെ നടക്കും. സപ്ലൈകോ മാവേലി സ്റ്റോറുകൾ ഒഴികെയുള്ള വില്പനശാലകളാണ് ഈസ്റ്റർ വിഷു ഫെയറുകളായി മാറുന്നത്. 16 അവശ്യസാധനങ്ങൾ അടങ്ങിയ വിഷുക്കണി പ്രത്യേക കിറ്റാണ് ഒരുക്കുന്നത്. സപ്ലൈകോ മെഡിക്കൽ സ്റ്റോറുകളും പെട്രോൾ ബങ്കുകളും എൽ.പി.ജി ഔട്ട്‌ലെറ്റുകളും ഒഴികെയുള്ള വില്പനശാലകളിൽ നിന്ന് ആയിരം രൂപയ്ക്ക് മുകളിൽ സബ്സിഡിയിതര സാധനങ്ങൾ വാങ്ങുന്ന ഉപഭോക്താവിന് വിഷുക്കൈനീട്ടമായി 101 രൂപയുടെ കൂപ്പൺ ലഭിക്കും. ഈ കൂപ്പൺ ഉപയോഗിച്ച് ഏപ്രിൽ 16 മുതൽ മേയ് 30 വരെ സപ്ലൈകോയുടെ ഏതെങ്കിലും വില്പനശാലകളിൽ നിന്ന് 1000 രൂപയ്ക്ക് മുകളിൽ സബ്സിഡിയിതര സാധനങ്ങൾ വാങ്ങിയാൽ, 101 രൂപ കുറച്ച് ബാക്കി നൽകിയാൽ മതി. 1250 രൂപയുടെ 16 സാധനങ്ങളാണ് കിറ്റിൽ ഉൾപ്പെടുത്തി, 1001 രൂപയ്ക്ക് നൽകുന്നത്. പഞ്ചസാര, ചെറുപയർ, വൻപയർ, കടല, ശർക്കര പൊടി, ശബരി (സേമിയ/ പാലട) പായസം മിക്സ്, പായസക്കൂട്ട്, മിൽമ നെയ്യ്, ശബരി വെളിച്ചെണ്ണ, ഗോൾഡ് ചായപ്പൊടി, ജീരകം, കടുക്, ഉപ്പ്, പുട്ടുപൊടി/അപ്പംപൊടി, ചിക്കൻ മസാല, ഗരം മസാല എന്നിവയാണ് കിറ്റിലുള്ളത്.