വികസന നേട്ടങ്ങൾ പറഞ്ഞ് എം. നൗഷാദ്
Tuesday 31 March 2026 1:12 AM IST
ഇരവിപുരം: മണ്ഡലത്തിലെ വികസന നേട്ടങ്ങൾ ഉയർത്തിക്കാട്ടി എൽ.ഡി.എഫ് സ്ഥാനാർത്ഥി എം. നൗഷാദ് നടത്തുന്ന പര്യടനം ആവേശകരമായി മുന്നേറുന്നു. ഇന്നലെ പള്ളിമുക്ക്, മയ്യനാട്, കൂട്ടിക്കട മേഖലകളിൽ നടത്തിയ വോട്ടഭ്യർത്ഥനയിൽ വലിയ ജനപിന്തുണയാണ് സ്ഥാനാർത്ഥിക്ക് ലഭിച്ചത്.
രാവിലെ പള്ളിമുക്ക്, മാടൻ നട ഭാഗങ്ങളിൽ എത്തിയ സ്ഥാനാർത്ഥിയെ ഏവരും ഹൃദ്യമായി വരവേറ്റു. വോട്ടർമാരെ നേരിൽ കണ്ടും കുശലാന്വേഷണം നടത്തിയും വികസന കാര്യങ്ങൾ ചർച്ച ചെയ്തുമാണ് അദ്ദേഹം മുന്നോട്ട് നീങ്ങിയത്. മയ്യനാട് ധവളകുഴി സുനാമി ഫ്ലാറ്റുകളിലെ താമസക്കാരെ സന്ദർശിച്ചതായിരുന്നു പര്യടനത്തിലെ മറ്റൊരു പ്രധാന ഘട്ടം. തീരദേശ ജനതയുടെ ക്ഷേമത്തിനായി കഴിഞ്ഞ അഞ്ചുവർഷം നടപ്പാക്കിയ പദ്ധതികൾ അദ്ദേഹം വിശദീകരിച്ചു. ഉച്ചയ്ക്ക് ശേഷം കൂട്ടിക്കട ജംഗ്ഷനിലെ വ്യാപാര സ്ഥാപനങ്ങളിൽ അദ്ദേഹം വോട്ടഭ്യർത്ഥിച്ചു.