ഗ്യാസിനല്ല, വില കുത്തനെ കൂടിയത് ഇവയ്ക്ക്, വാങ്ങാൻ രണ്ടിരട്ടി കൊടുക്കണം

Tuesday 31 March 2026 4:32 AM IST

കൊല്ലം: പാചകവാതക സിലിണ്ടറുകളുടെ ക്ഷാമവും വിലവർദ്ധനവും സാധാരണക്കാരെ വലയ്ക്കുമ്പോൾ, ആശ്രയമായിരുന്ന വിറക് വിപണിയിലും വില കുതിച്ചുയരുന്നു. ഗ്യാസ് കിട്ടാതായതോടെ വിറകിനും അറക്കപ്പൊടിക്കും ആവശ്യക്കാർ ഏറിയതാണ് വിപണിയിൽ പെട്ടെന്നുള്ള വിലക്കയറ്റത്തിന് കാരണമായത്.

 വിറക് വിലയിൽ വൻ വർദ്ധനവ്

നേരത്തെ 50 മുതൽ 70 രൂപ വരെ ലഭിച്ചിരുന്ന ഒരു കെട്ട് വിറകിന് ഇപ്പോൾ 100 രൂപയ്ക്ക് മുകളിലാണ് വില. റബർ കമ്പുകൾ കെട്ടിയൊരുക്കിയ വിറകുകളാണ് നിലവിൽ വിപണിയിൽ കൂടുതലായുള്ളത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ടണ്ണിന് 250 മുതൽ 450 രൂപ വരെയാണ് വർദ്ധിച്ചത്. യുദ്ധസാഹചര്യങ്ങൾ നീണ്ടുനിന്നാൽ വരും മാസങ്ങളിൽ വില ഇനിയും ഉയരാൻ സാദ്ധ്യതയുണ്ടെന്ന് വ്യാപാരികൾ ആശങ്കപ്പെടുന്നു.

 അറക്കപ്പൊടിക്കും ക്ഷാമം

വിറകിനൊപ്പം തന്നെ അറക്കപ്പൊടി വിലയും ഇരട്ടിയായിട്ടുണ്ട്. ഒരു ചാക്കിന് 50-80 രൂപയായിരുന്നത് ഇപ്പോൾ 120-150 രൂപ കടന്നു. നിർമ്മാണ മേഖലയിൽ തടിയുടെ ഉപയോഗം കുറഞ്ഞതോടെ മില്ലുകളിൽ നിന്നുള്ള അവശിഷ്ടങ്ങളുടെ ലഭ്യത കുറഞ്ഞതും തിരിച്ചടിയായി. ഇതോടെ വിറക് അടുപ്പുകളെയും അറക്കപ്പൊടി അടുപ്പുകളെയും ആശ്രയിക്കുന്നവർ പ്രതിസന്ധിയിലായി.

 ഹോട്ടലുകൾക്ക് അധിക ബാദ്ധ്യത

ഗ്യാസ് ക്ഷാമം രൂക്ഷമായതോടെ പല ഹോട്ടലുകളും ചെറുകിട ബേക്കറികളും വിറകിലേക്കും അറക്കപ്പൊടി അടുപ്പുകളിലേക്കും മാറിയിരുന്നു. എന്നാൽ ഇന്ധനച്ചെലവ് ക്രമാതീതമായി ഉയർന്നത് ചെറുകിട ഭക്ഷണശാലകൾക്ക് വലിയ സാമ്പത്തിക ഭാരമാണ് ഉണ്ടാക്കുന്നത്. ഇത് ഭക്ഷണസാധനങ്ങളുടെ വില വർദ്ധനവിനും ഇടയാക്കുമെന്ന് വ്യാപാരികൾ പറയുന്നു.

പാചകവാതകത്തിന്റെ ലഭ്യതക്കുറവും വിറകിന്റെ തീവിലയും ഒരേപോലെ ബാധിച്ചതോടെ ഗാർഹിക ഉപഭോക്താക്കളും ഹോട്ടൽ ഉടമകളും ഒരുപോലെ ആശങ്കയിലാണ്.

 വിറക് വിലയിലെ കുതിച്ചുചാട്ടം (ഒരു കെട്ടിന്)

  • മുമ്പ്: ₹50 - ₹70

  • ഇപ്പോൾ: ₹100 - ₹130

  • ₹250 - ₹450 (ടണ്ണിന്)