ഫോട്ടോഗ്രാഫർമാരോട് കയർത്തു, ക്യാമറ കണ്ണുകളിൽ നിന്ന് ഹാർദിക്കിന്റെ മകന്റെ കണ്ണുപൊത്തി കാമുകി; കാരണം

Tuesday 31 March 2026 10:53 AM IST

മുംബയ്: ഐപിഎൽ സീസണിലെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് എതിരായ ആദ്യ മത്സരത്തിന് പിന്നാലെ സ്റ്റേഡിയത്തിന് പുറത്ത് അരങ്ങേറിയ നാടകീയ രംഗങ്ങളാണ് ഇപ്പോൾ ചർച്ചയാകുന്നത്. മുംബയ് ഇന്ത്യൻസ് താരം ഹാർദിക് പാണ്ഡ്യയുടെ മകൻ അഗസ്ത്യയെ ക്യാമറക്കണ്ണുകളിൽ നിന്നും ഫ്ളാഷ് ലൈറ്റുകളിൽ നിന്നും സംരക്ഷിക്കുന്ന കാമുകി മഹിക ശർമ്മയുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്.

മത്സരശേഷം കാറിലേക്ക് നടന്നുപോകുന്നതിനിടെ നിരവധി ഫോട്ടോഗ്രാഫർമാർ മഹികയെയും അഗസ്ത്യയെയും വളയുകയായിരുന്നു. ക്യാമറ ഫ്ളാഷുകൾ കുട്ടിയുടെ കണ്ണുകളെ അലോസരപ്പെടുത്തുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ മഹിക ഇടപെട്ടു. 'ഫ്ളാഷുകൾ പാടില്ല, വെളിച്ചം അടിക്കരുത്' എന്ന് മാഹിക കർശനമായി നിർദ്ദേശിക്കുന്നത് വീഡിയോയിൽ കേൾക്കാം. ഇടയ്ക്കിടെ അഗസ്ത്യയോട് കുഴപ്പമില്ലല്ലോ എന്ന് തിരക്കുന്ന മാഹിക, വഴി തടസപ്പെടുത്തിയവരോട് മാറിനിൽക്കാനും ('രാസ്ത ദേ ദോ') ആവശ്യപ്പെട്ടു. യഥാർത്ഥ അമ്മയെപ്പോലെ അഗസ്ത്യയെ പരിചരിക്കുന്ന മഹികയുടെ പ്രവർത്തിക്ക് വലിയ പ്രശംസയാണ് ആരാധകർക്കിടയിൽ ലഭിക്കുന്നത്.

സെർബിയൻ മോഡലായ നടാഷ സ്റ്റാൻകോവിച്ചാണ് ഹാർദിക്കിന്റെ ആദ്യ ഭാര്യ. 2020ൽ വിവാഹിതരായ ഇവർ നാല് വർഷത്തെ ദാമ്പത്യത്തിന് ശേഷം 2024 ജൂലായിലാണ് നിയമപരമായി വേർപിരിഞ്ഞത്. വിവാഹമോചനം നേടിയെങ്കിലും മകൻ അഗസ്ത്യയുടെ കാര്യത്തിൽ ഇരുവരും ഒരേ നിലപാടാണ് സ്വീകരിക്കുന്നത്. മകന്റെ സംരക്ഷണ ചുമതല ഇരുവരും ചേർന്നാണ് നിർവഹിക്കുന്നത്. കഴിഞ്ഞ വർ‌ഷമാണ് മഹികയുമായി പ്രണയത്തിലാണെന്ന വിവരം ഹാ‌‌‌ർ‌ദിക് പരസ്യമായി വെളിപ്പെടുത്തുന്നത്.