'മുഖ്യമന്ത്രി പിണറായി വിജയനെ ബിജെപി സഹായിക്കുന്നു'; കൂട്ടുകച്ചവടമാണ്  നടക്കുന്നതെന്ന് രാഹുൽ  ഗാന്ധി

Tuesday 31 March 2026 12:10 PM IST

കണ്ണൂർ: സംസ്ഥാനത്ത് സിപിഎമ്മും ബിജെപിയും തമ്മിൽ കൂട്ടുകച്ചവടമാണ് നടക്കുന്നതെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കണ്ണൂരിൽ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ട് പേരുടെയും മുഖ്യശത്രു കോൺഗ്രസ് ആണെന്ന് രാഹുൽ ആരോപിച്ചു. സിപിഎം വിമത സ്ഥാനാർത്ഥികളായ വി കുഞ്ഞികൃഷ്‌ണനും ടി കെ ഗോവിന്ദനും വേദിയിൽ ഉണ്ടായിരുന്നു.

'ഇന്ന് കേരളത്തിൽ ഇടതുപക്ഷം എന്ന് പറയുന്നവർ ഇടതുപക്ഷമല്ല. ബിജെപിയും സിപിഎമ്മും ഇപ്പോൾ കോർപ്പറേറ്റ് പാർട്ടിയാണ്. ഈ രണ്ട് പാർട്ടികളും ഇപ്പോൾ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നില്ല. അതിന്റെ തെളിവാണ് ഈ സ്റ്റേജിൽ കാണുന്നത്. ഇടതുപക്ഷത്തിന് വേണ്ടി പ്രവർത്തിച്ച രണ്ടുപേർ ഇന്ന് ഈ സ്റ്റേജിൽ നമ്മുക്കൊപ്പമുണ്ട്. അവർ എന്തുകൊണ്ടാണ് ഈ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് വേണ്ടി പ്രചാരണം നടത്താത്തത്. കാരണം അവർക്ക് ആ പാർട്ടിയെക്കുറിച്ച് മനസിലായി. അവർ ചെയ്യുന്ന തെറ്റ് മനസിലായി. ബിജെപി എങ്ങനെയാണ് മുഖ്യമന്ത്രി പിണറായി വിജയനെ സഹായിക്കുന്നതെന്ന് നിങ്ങൾക്ക് അറിയാമോ?

അതിന് വ്യക്തമായ തെളിവുണ്ട്. അതിൽ ആദ്യത്തേത് പ്രധാനമന്ത്രി നരേന്ദ്ര മോദി എവിടെ പോയാലും അമ്പലങ്ങളെക്കുറിച്ചും ദെെവത്തെക്കുറിച്ചും സംസാരിക്കാറുണ്ട്. പക്ഷേ കേരളത്തിൽ വന്നപ്പോൾ എന്ത് കൊണ്ട് മോദി ശബരിമലയിലെ കാര്യം ഉന്നയിച്ചില്ല. സിപിഎം നേതാക്കൾ ശബരിമലയിൽ സ്വർണം മോഷ്ടിച്ചു. ഇതുവരെയും അവർക്കെതിരെ കേന്ദ്രം ഒന്നുപറഞ്ഞിട്ടില്ല. കാരണം കേരളത്തിൽ ഇടതുപക്ഷം ജയിക്കാനാണ് പ്രധാനമന്ത്രി ആഗ്രഹിക്കുന്നത്. രണ്ടാമത്തേത് ആരൊക്കെ ബിജെപിയെയും ആർഎസ്എസിനെയും എതിർക്കുന്നുവോ അവരെ എതിർക്കാനാണ് സിപിഎം ശ്രമിക്കുന്നത്. എനിക്കെതിരെ 36 കേസുകൾ ഉണ്ട്. എന്നിട്ടും സിപിഎം ബിജെപിയുടെ കൂടെ ചേർന്ന് എന്നെയാണ് കുറ്റപ്പെടുത്തുന്നത്'- രാഹുൽ പറഞ്ഞു.