'ആരുടെയും ഔദാര്യത്തിലല്ല ഇതുവരെ എത്തിയത്, ഞങ്ങൾ മുന്നോട്ടുപോകും'; വേടന്റെ പാട്ട് തടഞ്ഞതിനെതിരെ സഹോദരൻ

Tuesday 31 March 2026 1:02 PM IST

ആലപ്പുഴ: സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാവ് റാപ്പർ വേടന്റെ പാട്ടിന് ക്ഷേത്രത്തിൽ വിലക്കേർപ്പെടുത്തിയ സംഭവത്തിൽ ശക്തമായി പ്രതികരിച്ച് സഹോദരൻ ഹരിദാസ്. ആരുടെയും ഔദാര്യത്തിലല്ല ഇതുവരെ എത്തിയതെന്നും എല്ലാ കലാകാരന്മാരും വളരണമെന്നും അദ്ദേഹം പറഞ്ഞു.

'വിലക്കിന് ജനാധിപത്യത്തിൽ ഇടമില്ല. ആരൊക്കെയോ അടിച്ചേൽപ്പിച്ച സംസ്‌കാരത്തിന്റെ അടിമകളായി ജീവിക്കുന്നവർ നമുക്കിടയിലുണ്ടെന്ന് തെളിയിക്കുന്ന സംഭവമാണിത്. വേടനെപ്പോലൊരു കലാകാരന് ഇത് അനുഭവിക്കേണ്ടി വരുന്നെങ്കിൽ മറ്റുള്ളവരുടെ അവസ്ഥ എന്താകും? എറിയുന്ന കല്ലുകൾ പെറുക്കിക്കൂട്ടി പാത വിരിച്ച് ഞങ്ങൾ മുന്നോട്ടുപോകും. ആരുടെയും ഔദാര്യത്തിലല്ല ഞങ്ങൾ ഇവിടെയെത്തിയത്. വേടന്റെ വരികളെ ഭക്തജനസംഘങ്ങളുമായി അനാവശ്യമായ താരതമ്യം ചെയ്യരുത്. എല്ലാ കലകളും കലാകാരന്മാരും വളരണം' - ഹരിദാസ് പറഞ്ഞു.

ഇക്കഴിഞ്ഞ ശനിയാഴ്‌ച ചെങ്ങന്നൂർ കാരക്കാട് ശ്രീധർമശാസ്‌താ ക്ഷേത്രത്തിൽ ഉത്സവത്തിനിടെ 'കൊച്ചിൻ തരംഗ് ബീറ്റ്‌സ്' അവതരിപ്പിച്ച ഗാനമേളയ്‌ക്കിടെ ആയിരുന്നു സംഭവം. മഞ്ഞുമ്മൽ ബോയ്‌സ്' എന്ന ചിത്രത്തിലെ ഹിറ്റ് ഗാനമായ 'കുതന്ത്രം' പാടാൻ തുടങ്ങിയ ഗായകരെ സംഘാടകർ സ്റ്റേജിൽ കയറി തടയുകയായിരുന്നു. ഭക്തിഗാനങ്ങൾക്ക് ശേഷം സിനിമ ഗാനങ്ങളിലേക്ക് കടന്ന ഗായകസംഘം കുതന്ത്രം എന്ന പാട്ടിന്റെ ട്രാക്ക് ഇട്ട ഉടൻ തന്നെ സംഘാടകരിൽ ഒരാൾ വേദിയിലെത്തി പാട്ട് മാറ്റാൻ ആവശ്യപ്പെട്ടു.

വേടന്റെ പാട്ടുകൾ തങ്ങളുടെ സംസ്‌കാരത്തിന് യോജിക്കാത്തതാണെന്നും, ഇത്തരം ഗാനങ്ങൾ ഗാനമേളയിൽ ഉൾപ്പെടുത്തേണ്ടെന്ന് പൊതുയോഗം തീരുമാനിച്ചിട്ടുണ്ടെന്നുമാണ് സംഘാടകരുടെ വാദം. സമാനമായ അനുഭവം മറ്റു ചില ക്ഷേത്രങ്ങളിലും ഉണ്ടായിട്ടുണ്ടെന്ന് കൊച്ചിൻ തരംഗ് ബീറ്റ്‌സിലെ കലാകാരന്മാർ പറഞ്ഞു. മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം വേടന് നേടിക്കൊടുത്ത ഗാനമാണ് 'കുതന്ത്രം'.