'എസ്‌ഡിപിഐയുടെ  വോട്ട്  വേണ്ടെന്ന വി ഡി സതീശന്റെ നിലപാട് ദുരൂഹം; ഗുണം ചെയ്യുക ബിജെപിക്ക്'

Tuesday 31 March 2026 1:15 PM IST

തിരുവനന്തപുരം: എസ്‌ഡിപിഐയുടെ വോട്ട് വേണ്ടെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നിലപാടിന്റെ ആത്യന്തികമായുള്ള ഗുണഭോക്താക്കൾ കേരളത്തിലെ ബിജെപിയാണെന്ന് എസ്‌ഡിപിഐ സംസ്ഥാന അദ്ധ്യക്ഷൻ സി പി എ ലത്തീഫ്. എസ്‌ഡിപിഐയുടെ വോട്ട് വേണ്ട എന്ന് പ്രതിപക്ഷ നേതാവ് പ്രഖ്യാപിച്ചുകഴി‌ഞ്ഞു. അദ്ദേഹത്തിന്റെ പുതിയ നിലപാടായി ഇത് പരിഗണിക്കുന്നില്ല. കഴിഞ്ഞ ലോക്‌‌സഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസുമായി ധാരണയായതിനുശേഷം അദ്ദേഹം പിന്തുണ തള്ളിയിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പിനുശേഷം അദ്ധ്യക്ഷൻ തിരഞ്ഞെടുപ്പ് നടന്നപ്പോഴും അദ്ദേഹം ഇത്തരം നിലപാട് സ്വീകരിച്ചിരുന്നുവെന്ന് സി പി എ ലത്തീഫ് ചൂണ്ടിക്കാട്ടി.

'പഞ്ചായത്ത് തിരഞ്ഞെടുപ്പിലും വി ഡി സതീശന്റെ നിലപാട് ഗുണം ചെയ്തത് ബിജെപിക്കാണ്. പഞ്ചായത്തിലാണെങ്കിൽപ്പോലും പഞ്ചായത്ത് പ്രസിഡന്റ് പദവി ബിജെപിയുടെ കൈകളിലേയ്ക്ക് തളികയിൽ വച്ച് കൊടുക്കുന്ന നടപടിയായിരുന്നു അത്. ഇപ്പോൾ അദ്ദേഹം നടത്തിയ പ്രസ്‌താവനയിലും ഗുണഭോക്താക്കൾ ബിജെപിയാണ്.

മഞ്ചേശ്വരത്തെ എസ്‌ഡിപിഐയുടെ സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ കാരണമായത് പൊതുസമൂഹത്തിന്റെ സമ്മർദ്ദമാണ്. അതിൽ കേരളത്തിലെ വിവിധ മതസംഘടനകൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, സാമൂഹിക നേതാക്കന്മാർ എന്നിവരും ഉൾപ്പെടുന്നു. സാദിഖലി ഷിഹാബ് തങ്ങൾവരെ എസ്‌ഡിപിഐ മഞ്ചേശ്വരത്ത് മത്സരിച്ചാൽ മതേതര വോട്ടുകൾ ഭിന്നിച്ചുപോകുമെന്ന് പറഞ്ഞു. ഇതിന്റെ നേർവിപരീതമാണ് വി ഡി സതീശൻ പറഞ്ഞത്. ഇത് കോൺഗ്രസിന്റെ പോളിസിയാണോയെന്നാണ് ചോദിക്കാനുള്ളത്.

എസ്‌ഡിപിഐ എന്നല്ല ആരുടെ വോട്ടും സ്വീകരിക്കുമെന്നാണ് കെ സി വേണുഗോപാൽ കഴിഞ്ഞദിവസം പറഞ്ഞത്. കോൺഗ്രസിന്റെ നിലപാടിൽ എഐസിസി ജനറൽ സെക്രട്ടറിക്കും മുകളിലാണോ വി ഡി സതീശനെന്ന് സംശയം തോന്നും. വി ഡി സതീശന്റെ താത്‌പര്യം ദുരൂഹമാണ്. തദ്ദേശ തിരഞ്ഞെടുപ്പ് വിലയിരുത്തിയാൽ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് മുൻതൂക്കമുണ്ടെന്നാണ് മനസിലാകുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ അധികാരത്തിൽ വരുമെന്ന് യുഡിഎഫ് നേതാക്കളും അവകാശപ്പെടുന്നു. അങ്ങനെയാണെങ്കിൽ മുഖ്യമന്ത്രി സ്ഥാനം കെ സി വേണുഗോപാലിലേയ്ക്ക് പോകുമെന്നും പറയപ്പെടുന്നു. അങ്ങനെ സംഭവിക്കാതിരിക്കണമെങ്കിൽ യുഡിഎഫിന് കുറഞ്ഞ ഭൂരിപക്ഷം ലഭിക്കണം. കോൺഗ്രസിന്റെയും യുഡിഎഫിന്റെയും സീറ്റ് കുറയ്ക്കാനാണ് വി ഡി സതീശൻ ശ്രമിക്കുന്നത്.

മഞ്ചേശ്വരമടക്കമുള്ള വിവിധ മണ്ഡലങ്ങളിൽ വി ഡി സതീശന്റെ പ്രസ്‌താവനമൂലം വോട്ട് വലിയ രീതിയിൽ കുറയുകയും യുഡിഎഫ് തോൽക്കുകയും ചെയ്യും. കേരളത്തിൽ എല്ലാ മണ്ഡലങ്ങളിലും വോട്ടുള്ള രാഷ്ട്രീയപാർട്ടിയുടെ വോട്ട് വേണ്ടെന്ന് പറയുന്നത് അവരുടെതന്നെ വിജയസാദ്ധ്യത കുറയ്ക്കാനാണ്. എസ്‌ഡിപിഐ 36 സീറ്റിലാണ് മത്സരിക്കുന്നത്'- സി പി എ ലത്തീഫ് വ്യക്തമാക്കി.