പുത്തൻകുരിശ് കെ.എസ്.ആർ.ടി.സി സ്റ്റേഷനെ ഇങ്ങനെ അവഗണിക്കല്ലേ !
കംഫർട്ട് സ്റ്റേഷന്റെ പ്രവർത്തനം നിലച്ചു
യാത്രക്കാർക്ക് ദുരിതം
കോലഞ്ചേരി: വലിയ വികസന പ്രതീക്ഷകളോടെ ആരംഭിച്ച പുത്തൻകുരിശ് കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷൻ അവഗണനയിൽ. അടിസ്ഥാന സൗകര്യങ്ങൾ പോലും ലഭ്യമല്ലാത്ത അവസ്ഥയിലാണ് സ്റ്റേഷൻ ഇന്ന് സ്ഥിതിചെയ്യുന്നത്. സ്റ്റേഷൻ മാസ്റ്ററുടെ ഓഫീസ് മാസങ്ങളായി അടഞ്ഞുകിടക്കുകയാണ്. സ്റ്റേഷൻ പരിസരം വൃത്തിഹീനമായതോടെ യാത്രക്കാരുടെ ദുരിതവും രൂക്ഷമായി. മാലിന്യക്കൂമ്പാരവും ശുചിത്വക്കുറവും കാരണം സ്റ്റേഷൻ പരിസരം ഉപയോഗിക്കാനും യാത്രക്കാർ മടിക്കുന്നു.
ടോയ്ലെറ്റ് പ്രവർത്തിച്ചത് ഏതാനും മാസങ്ങൾ
ടോയ്ലെറ്റിന്റെ പ്രവർത്തനമില്ലായ്മയാണ് ഗുരുതരപ്രശ്നം. വലിയ പ്രതീക്ഷയോടെ ആരംഭിച്ച പബ്ലിക് കംഫർട്ട് സ്റ്റേഷൻ ഏതാനും മാസങ്ങൾ മാത്രമാണ് പ്രവർത്തിച്ചത്. നിലവിൽ ഇത് പൂർണമായും അടഞ്ഞുകിടക്കുകയാണ്. ദിവസേന പതിനായിരക്കണക്കിന് ആളുകളെത്തുന്ന ടൗണിൽ ശുചിയായ ഒരു ടോയ്ലെറ്റ് പോലുമില്ലാത്തത് വലിയ അപര്യാപ്തതയാണെന്ന് യാത്രക്കാർ വിമർശിക്കുന്നു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള യാത്രക്കാർക്കാണ് ഇതിന്റെ ബുദ്ധിമുട്ട് ഏറെയുള്ളത്.
ജനങ്ങൾ പറയുന്നു
പ്രദേശത്ത് വ്യാപാര സ്ഥാപനങ്ങളും ജനസാന്ദ്രതയും വർദ്ധിക്കുന്ന സാഹചര്യത്തിലും അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കാത്തത് അധികാരികളുടെ അനാസ്ഥയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. അടിയന്തരമായി ശുചീകരണ പ്രവർത്തനങ്ങൾ നടത്തി ശൗചാലയം പുനരാരംഭിക്കണമെന്നാണ് പൊതുജനങ്ങളുടെ ആവശ്യം.
മൂവാറ്റുപുഴ നിന്നും പുത്തൻകുരിശ് വരെയുള്ള ഷട്ടിൽ സർവീസ് ബസുകൾ ഇവിടെയെത്തിയാണ് തിരികെ പോയിരുന്നത്. ബസ് സ്റ്റേഷൻ വഴി ബസുകൾ കയറിയിറങ്ങി പോയിരുന്നതിനാൽ വെയിലും മഴയുമേല്ക്കാതെ കയറിയിറങ്ങാമായിരുന്നു. ഇപ്പോൾ ദേശീയപാതയിൽ ബസ് നിർത്തുന്നത് ഗതാഗതക്കുരുക്കും രൂക്ഷമാക്കുന്നുണ്ട്.
ബിജു മൈലാട്ടുമോളയിൽ, പൊതുപ്രവർത്തകൻ