എയിംസ്, അതിവേഗ റെയിൽപാത; വൻ വാഗ്ദാനങ്ങളുമായി ബി ജെ പിയുടെ പ്രകടന പത്രിക

Tuesday 31 March 2026 4:09 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് അധികാരം പിടിക്കുക എന്ന ലക്ഷ്യത്തോടെ വമ്പൻ വാഗ്ദാനങ്ങളുമായി എൻ ഡി എയുടെ പ്രകടനപത്രിക പുറത്തിറക്കി. സംസ്ഥാനത്ത് എയിംസ് സ്ഥാപിക്കുമെന്നതാണ് പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനം. തിരുവനന്തപുരത്തും കോഴിക്കോടും മെട്രോ റെയിൽ പദ്ധതി നടപ്പാക്കുമെന്നും തിരുവനന്തപുരം മുതൽ കണ്ണൂർ വരെയുള്ള അതിവേഗ പാത യാഥാർഥ്യമാക്കുമെന്നും പ്രകടനപത്രികയിൽ പറയുന്നു. സംസ്ഥാനത്തെ ദേവസ്വം ബോർഡുകൾ പുന:സംഘടിപ്പിക്കുമെന്നും ശബരിമലയിലെ സ്വർണക്കൊള്ള കേസ് സിബിഐ അന്വേഷിക്കുമെന്നും പ്രകടന പത്രികയിലുണ്ട്.

നിർദ്ധന കുടുംബങ്ങൾക്ക് വർഷത്തിൽ രണ്ട് എൽപിജി സിലിണ്ടർ സൗജന്യമായി നൽകും, ഒരോ വീടിനും പ്രതിമാസം 20000 ലി​റ്റർ സൗജന്യ കുടിവെള്ളം, ക്ഷേമ പെൻഷൻ 3000 രൂപയാക്കും തുടങ്ങിയ പ്രഖ്യാപനങ്ങളും പ്രകടനപത്രികയിലുണ്ട്.

പാർട്ടി ദേശീയ അദ്ധ്യക്ഷൻ നിതിൻ നവീനാണ് 'ഇതാണ് മാ​റ്റം, ഇതാണ് വികസിത കേരളം' എന്ന തലക്കെട്ടിലുള്ള പ്രകടനപത്രിക പുറത്തിറക്കിയത്. പാർട്ടിയുടെ സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, മേയർ വിവി രാജേഷ്, ട്വന്റി 20 കോഓർഡിനേ​റ്റർ ചീഫ് സാബു ജേക്കബ്, ബിഡിജെഎസ് സംസ്ഥാന അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

സ്ത്രീകൾക്ക് സൗജന്യയാത്ര ഉൾപ്പെടെയുളള വമ്പൻ വാഗ്ദാനങ്ങളുമായി എൽ ഡി എഫിന്റെ പ്രകടനപത്രികയും ഇന്നുതന്നെ പുറത്തിറക്കും എന്നാണ് കരുതുന്നത്. പത്രികയ്ക്ക് മുഖ്യമന്ത്രി അനുമതി നൽകിയിട്ടുണ്ട്.