മാലിന്യസംഭരണ കേന്ദ്രങ്ങൾക്ക് ഇനി കൂടുതൽ 'അഴക്'

Wednesday 01 April 2026 12:06 AM IST
ബ​ഷീ​ർ​ ​റോ​ഡി​ലെ​ ​മാ​ലി​ന്യ​ ​സം​ഭ​ര​ണ​ ​കേ​ന്ദ്രം​ ​മോ​ഡി​ ​പി​ടി​പ്പി​ച്ച​പ്പോൾ

നഗരത്തിന്റെ വിവിധ ഇടങ്ങളിലായി 36 യൂസ്ഡ് കണ്ടെയ്നറുകൾ

കോഴിക്കോട്: കോർപ്പറേഷൻ പരിധിയിലെ മാലിന്യസംഭരണ കേന്ദ്രങ്ങൾ കൂടുതൽ മനോഹരമാകുന്നു. കേന്ദ്രസർക്കാരിന്റെ സ്വച്ഛ് സർവേക്ഷൺ ശുചിത്വ സർവേയുടെ ഭാഗമായാണ് കോർപ്പറേഷൻ മാലിന്യം സംഭരണകേന്ദ്രങ്ങൾ വൃത്തിയുള്ളതാക്കുന്നത്.

നഗരത്തെ മാലിന്യമുക്തമാക്കുന്നതിനും പൊതുജനങ്ങളിൽ ശുചിത്വ അവബോധം വളർത്തുന്നതിനുമുള്ള പ്രവർത്തനങ്ങളും ഇതിന്റെ ഭാഗമായി നടക്കും. നഗരത്തിലെ വീടുകൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്ന് ശേഖരിക്കുന്ന അജൈവമാലിന്യം സംഭരിക്കാനായി നഗരത്തിന്റെ പല ഇടങ്ങളിലായി 36 യൂസ്ഡ് കണ്ടെയ്നറുകളാണുള്ളത്.

നഗരമദ്ധ്യത്തിൽ ഒയിറ്റി- ടൗൺ ഹാൾ റോഡിന് സമീപമുള്ള രണ്ടു കണ്ടെയ്നറുകളുടെ പരിസരം മുള കൊണ്ട് അതിര് കെട്ടി വേർ‌തിരിക്കുകയും പരിസരം ഇന്റർലോക്ക് ചെയ്യുകയും ചെയ്യും. ഇതിന്റെ പ്രവൃത്തി പുരോഗമിക്കുകയാണ്. കണ്ടെയ്നറുകളിലൊന്ന് പെയിന്റടിച്ച് ഭംഗിയുള്ളതാക്കി. അടുത്തതിൽ പെയിന്റടിക്കുന്ന ഉടൻ പെയിന്റടിക്കും. വിവിധ തരത്തിലുള്ള പൂക്കളും നട്ടുപിടിപ്പിക്കുന്നുണ്ട്. കണ്ടെയ്നറുകൾ നിറഞ്ഞതിനാൽ മുമ്പ് ഇവയുടെ ചുറ്റിലും മാലിന്യം ചാക്കുകളിലാക്കി കൂടിയിട്ടിരിക്കുകയായിരുന്നു. ഹരിതകർമ്മ സേന ശേഖരിക്കുന്ന അജൈവമാലിന്യം സംഭരിക്കുന്നതിന് പ്രതിസന്ധി നേരിട്ടിരുന്നു. സ്ഥലപരിമിതി കാരണം ഇവ ചാക്കുകെട്ടുകളിലായി റോഡരികിൽ നിക്ഷേപിക്കുകയായിരുന്നു. ഇതിന് പരിഹാരമായാണ് കണ്ടെയ്നറുകൾ സ്ഥാപിച്ചത്.

ആദ്യഘട്ടത്തിൽ നഗരത്തിലെ പത്തോളം കണ്ടെയ്നറുകളാണ് വൃത്തിയാക്കുന്നത്. മാലിന്യം സംഭരിക്കുന്ന ഇടങ്ങളിൽ മാലിന്യം വലിച്ചെറിയാത്ത തരത്തിൽ മാറ്റുകയാണ് കോർപ്പറേഷന്റെ ലക്ഷ്യം.

കെ. രാജീവ്, കോർപ്പറേഷൻ ആരോഗ്യസ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ