മികച്ച ബൗളിംഗ് പ്രകടനവുമായി പഞ്ചാബ് കിംഗ്‌സ്; ഗില്ലിന്റെ ഗുജറാത്തിനെ 162ല്‍ ഒതുക്കി

Tuesday 31 March 2026 9:32 PM IST

ന്യൂ ചണ്ഡീഗഡ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ പഞ്ചാബ് കിംഗ്‌സിന് 163 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ടൈറ്റന്‍സ് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സാണ് നേടിയത്. മികച്ച തുടക്കം ലഭിച്ചിട്ടും അത് മുതലാക്കാന്‍ ടൈറ്റന്‍സ് ബാറ്റര്‍മാര്‍ക്ക് കഴിഞ്ഞില്ല. അവസാന ആറ് ഓവറുകളില്‍ നിന്ന് വെറും 43 റണ്‍സ് മാത്രമാണ് ഗുജറാത്ത് നേടിയത്. പഞ്ചാബിന്റെ മികച്ച ബൗളിംഗ് ഗ്രൗണ്ട് ഫീല്‍ഡിംഗ് എന്നിവയാണ് ടൈറ്റന്‍സിനെ പിടിച്ചു നിര്‍ത്തിയത്.

27 പന്തുകളില്‍ നിന്ന് 39 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ശുബ്മാന്‍ ഗില്‍ ആണ് ടൈറ്റന്‍സിന്റെ ടോപ് സ്‌കോറര്‍. ജോസ് ബട്‌ലര്‍ 38(33), ഗ്ലെന്‍ ഫിലിപ്‌സ് 18(16) എന്നിവരാണ് പിന്നീട് ബാറ്റിംഗില്‍ തിളങ്ങിയത്. മികച്ച തുടക്കം ലഭിച്ചെങ്കിലും ആര്‍ക്കും വലിയ ഇന്നിംഗ്‌സ് കളിക്കാന്‍ കഴിയാത്തതും ഗുജറാത്തിന് വമ്പന്‍ സ്‌കോര്‍ നേടാനാകാതെ പിന്നോട്ടടിച്ചു. സായ് സുദര്‍ശന്‍ 13(11), വാഷിംഗ്ടണ്‍ സുന്ദര്‍ 18(16) ഷാരൂഖ് ഖാന്‍ 4(6) എന്നിങ്ങനെയാണ് പുറത്തായ മറ്റ് ബാറ്റര്‍മാരുടെ സ്‌കോറുകള്‍.

രാഹുല്‍ തെവാത്തിയ 11*(10), റാഷിദ് ഖാന്‍ 0*(1) എന്നിവര്‍ പുറത്താകാതെ നിന്നു. പഞ്ചാബിന് വേണ്ടി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയ വിജയകുമാര്‍ വൈശാഖ് ബൗളിംഗില്‍ തിളങ്ങി. നാലോവറില്‍ 34 റണ്‍സാണ് താരം വഴങ്ങിയത്. യുസ് വേന്ദ്ര ചഹാല്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ മാര്‍ക്കോ യാന്‍സന് ഒരു വിക്കറ്റ് ലഭിച്ചു.