വൈക്കോലിന് ആവശ്യക്കാരേറെ; രണ്ടാംവിള സീസണിൽ വിൽപ്പന സജീവം

Wednesday 01 April 2026 5:59 AM IST

വടക്കഞ്ചേരി: രണ്ടാംവിള കൊയ്ത്ത് പൂർത്തിയായതോടെ നെൽപ്പാടങ്ങളിൽ ലഭിക്കുന്ന വൈക്കോലിന് ആവശ്യം കൂടി. കൊയ്ത്തുയന്ത്രങ്ങൾ നെൽ കൊയ്യുന്നതിന് ശേഷം പാടശേഖരങ്ങളിൽ കിടക്കുന്ന ഉണങ്ങിയ വൈക്കോൽ മൂന്നടി വലിപ്പത്തിലുള്ള റോളുകളാക്കി മാറ്റി വിപണിയിൽ എത്തിക്കുകയാണ്. ഒരു റോൾ വൈക്കോലിന് 50 മുതൽ 70 രൂപ വരെ വില ലഭിക്കുന്നതിനാൽ കർഷകർക്ക് ഇത് അധിക വരുമാന മാർഗമാണ്. ക്ഷീരകർഷകരും വൈക്കോൽ കച്ചവടക്കാരും നേരിട്ട് പാടങ്ങളിലെത്തി വാങ്ങുന്നതാണ് പതിവ്. മുൻപ് ഒന്നാംവിളക്കാലത്ത് വൈക്കോൽ ക്ഷാമം ഉണ്ടായപ്പോൾ സംഭരിച്ചിരുന്ന വ്യാപാരികൾ ഒരു റോൾക്ക് 250 മുതൽ 300 രൂപ വരെ വില ഈടാക്കിയിരുന്നു. മറ്റു ജില്ലകളിലേക്ക് വിൽപ്പന നടത്തുന്നതിനായി ചില വ്യാപാരികൾ നെൽപ്പാടങ്ങളിൽ നിന്നുതന്നെ വൈക്കോൽ മൊത്തമായി വാങ്ങുകയാണ്. അവർ തന്നെ ട്രാക്ടറുകൾ ഉപയോഗിച്ച് റോളാക്കി മാറ്റി കൊണ്ടുപോകുന്നു. ഏക്കറിന് 1700 മുതൽ 2000 രൂപ വരെയാണ് കർഷകർക്ക് ലഭിക്കുന്നത്. ഒരു ഏക്കറിൽ നിന്നായി മൂന്നടി വലിപ്പത്തിലുള്ള 40 മുതൽ 55 വരെ വൈക്കോൽ റോളുകൾ ലഭിക്കും. ഇതിനു പുറമെ രണ്ട് അടി വലിപ്പത്തിലുള്ള മെഷീനുകൾ ഉപയോഗിച്ചാൽ 75 മുതൽ 90 വരെ റോളുകൾ ലഭ്യമാകുന്നുണ്ട്.

റോൾ സംവിധാനം കർഷകർക്ക് വെല്ലുവിളി

ഒന്നാംവിള കാലത്ത് മഴ കാരണം വൈക്കോൽ ചീഞ്ഞുപോകുന്നതിനാൽ ഉപയോഗിക്കാൻ കഴിയാത്ത സാഹചര്യം നിലനിന്നിരുന്നു. ഇതാണ് രണ്ടാംവിള വൈക്കോലിന് ആവശ്യകത വർദ്ധിക്കാൻ പ്രധാന കാരണം. എന്നാൽ റോൾ സംവിധാനം വന്നതോടെ സംഭരണം കർഷകർക്ക് വെല്ലുവിളിയായി മാറിയിട്ടുണ്ട്. ഒരു റോൾ കെട്ടുന്നതിനായി ട്രാക്ടർ ഉടമകൾ 40 രൂപയാണ് ഈടാക്കുന്നത്.

സംഭരണം വെല്ലുവിളി

പ്രത്യേക ഷെഡുകൾ ഇല്ലാത്തവർ പ്ലാസ്റ്റിക് ഷീറ്റുകൾ, ടാർപ്പായ, പഴയ ഫ്‌ളക്‌സുകൾ തുടങ്ങിയവ ഉപയോഗിച്ചാണ് വൈക്കോൽ സൂക്ഷിക്കുന്നത്. കൂനയാക്കി പുരമേഞ്ഞ രീതിയിൽ സൂക്ഷിക്കാൻ കഴിയാത്തത് വലിയ പ്രശ്‌നമാണ്. മഴയോ ഈർപ്പമോ തട്ടിയാൽ റോൾ ചെയ്ത വൈക്കോൽ വേഗത്തിൽ നശിക്കും.