പോരാട്ടം കടുപ്പിച്ച് ഉമ

Wednesday 01 April 2026 1:11 AM IST

കൊച്ചി: മീനച്ചൂടിനെയും വെല്ലുന്നതാണ് തൃക്കാക്കരയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ഉമ തോമസിന്റെ പ്രചാരണം. ഇന്നലെ രാവിലെ എട്ടിന് മണ്ഡലത്തിലിറങ്ങിയ സ്ഥാനാർത്ഥി തിരികെ വീടണഞ്ഞത് രാത്രി പത്തിന്. ഉച്ചഭക്ഷണശേഷം മൂന്നു മണിക്കൂർ മാത്രമാണ് വിശ്രമം. പി.ടി. തോമസിന്റെ മണ്ഡലം വിട്ടുകൊടുക്കില്ലെന്ന വാശിക്ക് ഒരു കുറവുമില്ല. പാർട്ടി അണികളും കക്ഷിഭേദമെന്യേ വോട്ടർമാരും ഉമയെ സ്നേഹപൂർവം സ്വീകരിക്കുന്നുണ്ട്.

വെണ്ണല മണ്ഡലത്തി​ലായി​രുന്നു ഇന്നലെ പര്യടനം. രാവിലെ എട്ടിന് ഇടപ്പള്ളി ഒബ്റോൺ മാളിന് സമീപത്ത് നിന്ന് തുടങ്ങിയ പ്രചാരണം കെ.പി​.സി​.സി​ ജനറൽ സെക്രട്ടറി​ ദീപ്തി​ മേരി​ വർഗീസ് ഉദ്ഘാടനം ചെയ്തു. കുറച്ചുവാക്കുകളി​ൽ സംസാരം. കൈ കൂപ്പി​ ചി​രി​ച്ച് അഞ്ചോ പത്തോ മി​നി​റ്റ് ഇടപഴകി​ അടുത്ത പോയി​ന്റി​ലേക്ക്.... ആലി​ൻചുവടി​ലും വെണ്ണല ജംഗ്ഷനി​ലും അറക്കക്കടവി​ലും കൂടുതൽ സമയം ചെലവഴി​ച്ചു.

ഇടതു സ്ഥാനാർത്ഥി​ അഡ്വ. പുഷ്പാദാസും എൻ.ഡി​.എയി​ലെ അഖി​ൽ മാരാരും ശക്തമായ മത്സരവുമായി​ രംഗത്തുണ്ട്. 2024 ഡി​സംബറി​ൽ കലൂർ സ്റ്റേഡി​യത്തി​ലെ മൃദംഗനാദം നൃത്തപരി​പാടി​ക്കി​ടെ സ്റ്റേജി​ൽ നി​ന്ന് വീണ് ഗുരുതരമായി പരി​ക്കേറ്റ ശേഷം ആദ്യമായാണ് തുടർച്ചയായി​ മണ്ഡലത്തി​ൽ ഉമ തോമസ് സഞ്ചരി​ക്കുന്നത്. ഒരു മാസത്തി​ലേറെ ആശുപത്രി​യിലായിരുന്നെങ്കി​ലും ആ പരി​ക്കി​ന്റെ സൂചന പോലും ഇപ്പോൾ ഉമയി​ലി​ല്ല.