ഡീൽ വിവാദത്തിൽ തട്ടി വികസനം പിന്നിലേക്ക്

Wednesday 01 April 2026 2:13 AM IST

കൊച്ചി: വികസനം ഉയർത്തിക്കാട്ടി മുന്നണികൾ ആരംഭിച്ച പ്രചാരണം വോട്ടെടുപ്പിന് ഒരാഴ്ച ബാക്കിനിൽക്കേ വിവാദങ്ങൾക്ക് വഴിമാറി. എസ്.ഡി.പി.ഐ., ജമാ അത്തെ ഇസ്‌ളാമി ബന്ധം ഉൾപ്പെ‌ടെ രാഷ്ട്രീയ വെല്ലുവിളികളാണ് മുഴങ്ങുന്നത്. മുന്നണികൾ പ്രകടനപത്രിക പുറത്തിറക്കുന്നതോടെ വികസനം വീണ്ടും ചർച്ചയാകുമെന്ന പ്രതീക്ഷയിലാണ് നേതാക്കൾ.

വികസനം മുഖ്യ അജണ്ടയാക്കിയാണ് തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചത്. പത്തുവർഷത്തെ പിണറായി വിജയൻ സർക്കാരിന്റെ ഭരണനേട്ടങ്ങൾ ഉന്നയിച്ച് എൽ.ഡി.എഫും കേരളത്തിൽ നടപ്പാക്കിയ കേന്ദ്രപദ്ധതികൾ ഉയർത്തിക്കാട്ടി എൻ.ഡി.എയുമാണ് വികസനം പ്രധാന വിഷയമാക്കിയത്. ഉമ്മൻ ചാണ്ടി സർക്കാരുൾപ്പെടെ നടപ്പാക്കിയതും തുടക്കമിട്ടതുമായ പദ്ധതികൾ ഉയർത്തിക്കാട്ടി യു.ഡി.എഫും വികസന രാഷ്ട്രീയത്തിന് മുൻഗണന നൽകിയിരുന്നു.

നേതൃത്വം മൗനത്തിൽ

സ്ഥാനാർത്ഥിനിർണയവും പിൻവലിക്കലും കഴിഞ്ഞതോടെ ചർച്ച വഴിമാറി. ഡീലുകളായി പ്രധാനം. കോൺഗ്രസും ബി.ജെ.പിയും തമ്മിലും, സി.പി.എമ്മും ബി.ജെ.പിയും തമ്മിലും ഡീലെന്ന് പരസ്‌പരം ആരോപിച്ചു. എസ്.ഡി.പി.ഐ ഏതാനും മണ്ഡലങ്ങളിൽ പിന്മാറി എൽ.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചത് വിവാദത്തെ കൊഴുപ്പിച്ചു.

എസ്.ഡി.പി.ഐ ഡീൽ വിവാദത്തെ അവഗണിക്കാനാണ് സി.പി.എം നീക്കം. വിഷയം കൂടുതൽ ചർച്ച ചെയ്യുന്നത് ക്രൈസ്‌തവ വോട്ടുകളെ ബാധിക്കുമെന്ന് നേതാക്കൾക്ക് ആശങ്കയുണ്ട്. മുഖ്യമന്ത്രി ഉൾപ്പെടെ വിഷയത്തിൽ മൗനം പാലിക്കുന്നത് ഇതുമൂലമാണെന്നാണ് സൂചന. പകരം ജമാ അത്തെ ഇസ്‌ളാമി, വെൽഫെയർ പാർട്ടി എന്നിവയുമായി കോൺഗ്രസിന് ബന്ധമെന്ന് പ്രചരിപ്പിക്കാനാണ് നീക്കം. ഡീൽ വിവാദത്തിൽ സംവാദത്തിന് മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും പരസ്പരം വെല്ലുവിളിച്ചതാണ് ഒടുവിലത്തേത്.

തിരിച്ചെത്തും വികസനമെന്ന്

പ്രകടനപത്രികകൾ പുറത്തിറക്കുന്നതോടെ വികസനം ചർച്ചകളിൽ മുന്നിലെത്തുമെന്ന് നേതാക്കൾ പറയുന്നു. ബി.ജെ.പി പ്രകടനപത്രിക പുറത്തിറക്കി. എൽ.ഡി.എഫ്., യു.ഡി.എഫ് പത്രികകൾ അടുത്ത ദിവസങ്ങളിൽ ഇറങ്ങും.