മന്ത്രി വി.എൻ. വാസവൻ മനസുതുറക്കുന്നു സ്വർണക്കൊള്ള ഏശില്ല, തുടർ ഭരണം ഉറപ്പ്
കോട്ടയം: സഹകരണ, തുറമുഖ, ദേവസ്വം വകുപ്പുകൾ കൈകാര്യം ചെയ്യുന്ന മന്ത്രി വി.എൻ.വാസവനുനേരേ പ്രതിപക്ഷം വിമർശനശരങ്ങൾ നിരന്തരം ഉയർത്തുകയാണ്. എന്നാൽ അതിനെയെല്ലാം കൃത്യമായ മറുപടിയോടെ നേരിടുകയാണ് അദ്ദേഹം. മന്ത്രി വി.എൻ.വാസവൻ കേരളകൗമുദിയോട് സംസാരിക്കുന്നു.
?ശബരിമല സ്വർണക്കൊള്ള ആരോപണം പ്രതിപക്ഷം വീണ്ടും ഉയർത്തുകയാണല്ലോ
ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ പ്രത്യേക സംഘം അന്വേഷണം തുടരുകയാണ്. അന്വേഷണ കാലാവധി നീട്ടിക്കൊടുത്തതും കോടതിയാണ്. ഇതുവരെയുള്ള അന്വേഷണത്തിൽ ഹൈക്കോടതി അതൃപ്തി രേഖപ്പെടുത്തിയിട്ടില്ല. ഇതെല്ലാം അറിയാവുന്ന പ്രതിപക്ഷം വെറുതേ ആരോപണങ്ങളുടെ പുകമറ ആവർത്തിക്കുകയാണ്. വോട്ടർമാർ ഇതെല്ലാം കാണുന്നുണ്ട്.
? സ്വർണക്കൊള്ള വിവാദം വോട്ടർമാരെ സ്വാധീനിക്കില്ലേ
ഈ വിവാദം ഉയർന്നുവന്ന സമയത്തുനടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ 14ൽ ഏഴു ജില്ലാ പഞ്ചായത്തുകൾ ഇടതു മുന്നണിക്ക് ലഭിച്ചത് ഇത് വോട്ടർമാരെ സ്വാധീനിച്ചില്ലെന്നതിന്റെ തെളിവാണ്. ഉണ്ണികൃഷ്ണൻ പോറ്റി സോണിയാ ഗാന്ധിയെ കണ്ടത് എന്തിനെന്ന് വിശദീകരിക്കാൻ കോൺഗ്രസിന് ഇനിയും കഴിഞ്ഞിട്ടില്ല. ഇതെല്ലാം വോട്ടർമാർ വിലയിരുത്തും.
?യു.ഡി.എഫ് അധികാരത്തിൽ വരുമെന്നാണല്ലോ പല ചാനൽ സർവേകളും പറയുന്നത്
ഇടുക്കിയിൽ എം.എം.മണി തോൽക്കുമെന്നും യു.ഡി.എഫ് അധികാരത്തിൽ വരുമെന്നും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പല ചാനൽ സർവേകളും പറഞ്ഞിട്ടും 99 സീറ്റോടെയാണ് ഇടതുസർക്കാർ വീണ്ടും അധികാരത്തിലെത്തിയത്. തോൽക്കുമെന്നു പറഞ്ഞ എം.എം.മണി അടക്കം നേതാക്കൾ വൻ ഭൂരിപക്ഷത്തിൽ ജയിച്ചു. സർവേകൾ നോക്കിയല്ല ജനം വോട്ടു ചെയ്യുന്നത് എന്നതിന്റെ തെളിവല്ലേ ഇത്?
?എൽ.ഡി.എഫിനു തുടർ ഭരണം കിട്ടുമോ
തീർച്ചയായും വരും. 99 ഇടതു എം.എൽ.എമാരുടെ കഴിഞ്ഞ അഞ്ചുവർഷത്തെ പ്രവർത്തനം വിലയിരുത്തി, മണ്ഡലങ്ങളിലെ വികസന പദ്ധതികൾ നോക്കി ജനം വോട്ടുചെയ്താൽ തുടർ ഭരണം ഉറപ്പാണ്. 100 സീറ്റ് കിട്ടുമെന്നു പറയുന്ന പ്രതിപക്ഷം നിലവിലെ 39 എം.എൽ.എമാരിൽ നിന്നുവേണം ഈ സ്വപ്ന സീറ്റെണ്ണത്തിലെത്താൻ
?ഭരണത്തുടർച്ച എങ്ങനെ ഉണ്ടാകും
കഴിഞ്ഞ പത്തുവർഷം ഇടതുമുന്നണി സർക്കാർ നടപ്പാക്കിയ വികസന പദ്ധതികളുടേയും ക്ഷേമ പ്രവർത്തനങ്ങളുടേയും ഗുണഭോക്താക്കളായ ജനം വീണ്ടും വോട്ടുചെയ്ത് ഇടതുമുന്നണിയെ അധികാരത്തിലെത്തിക്കും.
?ഏറ്റുമാനൂരിൽ വർഷങ്ങൾക്കു ശേഷമാണ് കോൺഗ്രസ് സ്ഥാനാർത്ഥി
മത്സരിക്കുന്നത്. അതെങ്ങനെ ബാധിക്കും
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ലഭിച്ചതിലും ഭൂരിപക്ഷം ലഭിക്കും. കേരളത്തിൽ ഏറ്റവും കൂടുതൽ വികസനം നടന്ന മണ്ഡലമാണ് ഏറ്റുമാനൂർ. കോട്ടയം മെഡിക്കൽ കോളേജിൽ മാത്രം കിഫ്ബി പദ്ധതി വഴി 1,250 കോടിയുടെ വികസന പദ്ധതികളാണ് കൊണ്ടുവന്നത്. ഇത് ഉമ്മൻചാണ്ടിയുടെ കാലത്ത് തുടങ്ങിയതാണെന്ന് അവകാശപ്പെടുന്ന പ്രതിപക്ഷത്തോട് പറയാനുള്ളത് അന്ന് കിഫ്ബി പദ്ധതി ഇല്ലെന്നാണ്. ശിവഗിരി തീർത്ഥാടനത്തിന് ശ്രീനാരായണ ഗുരു അനുമതി നൽകിയ നാഗമ്പടം മഹാദേവക്ഷേത്രത്തെ അന്തർദേശീയ തീർത്ഥാടന കേന്ദ്രമാക്കാൻ രണ്ടുകോടി രൂപ ബഡ്ജറ്റിൽ അനുവദിച്ചതിനൊപ്പം മാന്നാനത്ത് വിശുദ്ധ ചാവറയച്ചൻ മ്യൂസിയത്തിന് ഒരുകോടിയും അനുവദിച്ചു. ജാതി മത രാഷ്ട്രീയത്തിനതീതമായാണ് വിവിധ പദ്ധതികൾ കൊണ്ടുവന്നത്. ജനങ്ങളുടെ പ്രശ്നങ്ങളിലെല്ലാം ഇടപെട്ടത്. വോട്ടർമാർക്ക് അതെല്ലാം അറിയാം.
?ഏറ്റുമാനൂരിൽ എൻ.ഡിഎ സ്ഥാനാർത്ഥി ശക്തമല്ലല്ലോ
യു.ഡി.എഫ്- ബി.ജെ.പി ഡീലെന്ന ആരോപണം ഞാനായിട്ട് ഉന്നയിക്കുന്നില്ല.